https://janamtv.com/wp-content/uploads/2020/01/modi-1-1.jpg

രാജ്യത്തെ 130 കോടി ജനങ്ങളുടെ സാമ്പത്തിക പുരോഗതിയാണ് സര്‍വ്വെ വ്യക്തമാക്കുന്നത്; പ്രധാനമന്ത്രി

by

ന്യൂഡല്‍ഹി: രാജ്യത്തെ 130 കോടി ജനങ്ങളുടെ സാമ്പത്തിക പുരോഗതിയാണ് സാമ്പത്തിക സര്‍വ്വെ വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസായത്തിലൂടെയും കയറ്റുമതിയിലൂടെയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അഞ്ചു ട്രില്യണ്‍ ഡോളറിലെത്തുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

വിവിധ മേഖലകളില്‍ ഇന്ത്യ കൈവരിച്ച വികസനങ്ങളെ കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ എടുത്തുകാട്ടി. വികസനത്തിന്റെ ഫലങ്ങള്‍ 130 കോടി ജനങ്ങളുടെ ജീവിതത്തെ എങ്ങനെ പരിവര്‍ത്തനം ചെയ്യുന്നുവെന്നും രാഷ്ട്രപതി തന്റെ പ്രസംഗത്തിലൂടെ വ്യക്തമാക്കി.

ലോകതലത്തില്‍ രാജ്യം കൈവരിച്ച ഉയര്‍ച്ച, പതിറ്റാണ്ടുകളായി ഇന്ത്യയില്‍ നിലനിന്നിരുന്ന വെല്ലുവിളികളെ രാജ്യം എങ്ങനെ മറികടന്നു എന്നിവയും അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ രാഷ്ട്രപതി ഉയര്‍ത്തിക്കാട്ടി. ഇന്ത്യയുടെ ഐക്യം, സാഹോദര്യം, എന്നിവയെ കുറിച്ചും അദ്ദേഹം സംസാരിച്ചുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചരിത്രപരമാണെന്നും അയോദ്ധ്യാ വിധിയില്‍ ജനങ്ങള്‍ കാണിച്ച പക്വത പ്രശംസനീയമാണെന്നും നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരിലും ലഡാക്കിലും ഒരുപോലെ വികസനം സാധ്യമാകുമെന്നും കശ്മീരിന്റെ സാംസ്‌കാരിക, പാരമ്പര്യത്തെ സംരക്ഷിച്ചുകൊണ്ടുള്ള സുതാര്യമായ ഭരണമാണ് തന്റെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. മുത്വലാഖ് നിയമത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.