https://janamtv.com/wp-content/uploads/2020/01/google-1.jpg

കൊറോണ വൈറസ് ബാധ ; എസ്ഒഎസ് അലേര്‍ട്ട് പ്രഖ്യാപിച്ച് ഗൂഗിള്‍

by

ന്യൂഡല്‍ഹി : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് എസ്ഒഎസ് അലര്‍ട്ട് ആരംഭിച്ചതായി ഗൂഗിള്‍. ട്വിറ്ററിലൂടെയാണ് ഗൂഗിള്‍ ഇക്കാര്യം വ്യക്തമാക്കിയത്. എസ്ഒഎസ് അലര്‍ട്ട് ആരംഭിച്ച സാഹചര്യത്തില്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരയുന്ന ഉപഭോക്താക്കള്‍ക്ക് സുരക്ഷ, നിലവിലെ സ്ഥിതിഗതികള്‍, ലോകാരോഗ്യ സംഘടന പുറത്തുവിടുന്ന അറിയിപ്പുകള്‍ എന്നിവ എളുപ്പത്തില്‍ ലഭിക്കും.

ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് വെള്ളിയാഴ്ച എസ്ഒഎസ് അലേര്‍ട്ട് ആരംഭിച്ചു. കൊറോണയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ഗൂഗിളില്‍ തിരയുന്ന ഉപഭോക്താക്കള്‍ക്ക് മുന്‍കരുതല്‍, സുരക്ഷ, ലോകാരോഗ്യ സംഘടനയുടെ അറിയിപ്പുകള്‍ എന്നിവ എളുപ്പത്തില്‍ ലഭ്യമാകും- ഗൂഗിള്‍ ട്വിറ്ററില്‍ കുറിച്ചു.

ആഗോളതലത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അടിയന്തര വിവരങ്ങള്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് എസ്ഒഎസ് അലര്‍ട്ട് പ്രഖ്യാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇത് വഴി വിവരങ്ങള്‍ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളിലേക്ക് എത്തും.

ഇതിന് പുറമേ 250,000 ഡോളര്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചൈനയിലെ റെഡ് ക്രോസ് സൊസൈറ്റിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും ഗൂഗിള്‍ അറിയിച്ചു.