https://img.manoramanews.com/content/dam/mm/mnews/news/world/images/2020/1/31/wuhan-china-coronavirus.jpg

അച്ഛനും സഹോദരനും കൊറോണ; ആരും നോക്കാനില്ലാതെ പട്ടിണി കിടന്ന് യുവാവിന്റെ മരണം

by

കൊറോണ പടർന്നു പിടിച്ചതിനു പിന്നാലെ ചൈനയിൽ നിന്നും പുറത്തുവരുന്നത് വേദനിപ്പിക്കുന്ന വാർത്തകളാണ്. പ്രേതനഗരമെന്നു പോലും വുഹാനെ ഇന്ന് രാജ്യാന്തര മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നു. യാങ്സി നദിയുടെ തീരത്തുള്ള ഈ മനോഹര നഗരം ഇപ്പോൾ സംഘർഷങ്ങളുടെയും ഭയത്തിന്റെയും ഭൂമി കൂടി ആയി മാറിയിരിക്കുകയാണ്. 

റൂറൽ ഹുബെയ് പ്രവിശ്യയിൽ സെറിബ്രൽ പാൾസി ബാധിതനായ പതിനേഴുകാരൻ വീടിനുള്ളിൽ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചുവീണത് വ്യാഴാഴ്ചയാണ്. 49 കാരനായ പിതാവും 11 വയസ്സുള്ള സഹോദരനും കൊറോണ ബാധിച്ച് ആശുപത്രിയിലായതോടെ ആറു ദിവസത്തോളം ആരും പരിചരിക്കാനില്ലാതെ അടച്ചിട്ട വീട്ടിൽ പട്ടിണി കിടന്നു മരിച്ച യാൻ ചെങ് വുഹാന്റെ കണ്ണീരാകുകയാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കൊറോണ ബാധിച്ച് മരിച്ചവരെ പോലെത്തന്നെ ആരും പരിചരിക്കാനില്ലാതെ മരിക്കുന്നവരുടെ എണ്ണവും വുഹാനിൽ കുടൂകയാണെന്നാണു റിപ്പോർട്ടുകൾ

ജീവനുംകൊണ്ടു പലയാനം ചെയ്യുന്നവരും എന്തു ചെയ്യണമെന്ന് അറിയാതെ വുഹാനിൽ പെട്ടുപോയവരും കണ്ണീർ കാഴ്ചകളാണ്. 'പോരാടൂ വുഹാൻ...' എന്ന ശബ്ദം ചൈനയിലെ സമൂഹമാധ്യമങ്ങളിലാകെ നിറയുകയാണ്. അതേറ്റെടുത്തു തന്നെയാണ് സർക്കാരും പൊതുജനവും പ്രവർത്തിക്കുന്നതും. ഏകദേശം ആറു കോടി ജനം ഭരണകൂടം തീർത്ത അദൃശ്യമതിൽക്കെട്ടിനകത്താണ്. അതിൽ രണ്ടുകോടിയോളം പേർക്കു പുറംലോകവുമായി യാതൊരു ബന്ധവുമില്ല. ചൈനക്കാർ രാജ്യത്തും വിദേശത്തുമായി പുതുവർഷം ആഘോഷിക്കുന്ന സമയമാണിത്. എന്നാൽ കൊറോണയുടെ സാഹചര്യത്തിൽ ലോകത്തിലെ ഭൂരിപക്ഷം വിമാനത്താവളങ്ങളിലും കർശന പരിശോധനയാണ്. പല രാജ്യങ്ങളും വുഹാനിൽ നിന്നുള്ള വിമാനങ്ങൾക്കു നേരെ പ്രവേശനകവാടം കൊട്ടിയടച്ചുകഴിഞ്ഞു.