ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ചത് 11 ാം ക്‌ളാസ്സുകാരന്‍ ; 17 കാരന്‍ സ്‌കൂളിലേക്ക് ഇറങ്ങിയാണ് സമരവേദിയില്‍ എത്തിയെന്ന് പോലീസ്
ന്യൂഡല്‍ഹി: ഇതാ നിന്റെ സ്വാതന്ത്ര്യം എന്നു വിളിച്ചുപറഞ്ഞ് പൗരത്വ ഭേദഗതി പ്രക്ഷോഭകര്‍ക്കു നേരേ വെടിയുതിര്‍ത്ത യുവാവ് 11 ാം ക്‌ളാസ്സ് വിദ്യാര്‍ത്ഥിയെന്ന് ഡല്‍ഹി പോലീസ്. ഡല്‍ഹിയില്‍ നിന്നും 68 കിലോമീറ്റര്‍ അകലെ യുപിയിലെ ജെവാര്‍ സ്വദേശിയായ പയ്യന്‍ സ്‌കൂളിലേക്ക് പോകാന്‍ ഇറങ്ങിയാണ് ഡല്‍ഹിയില്‍ എത്തിയതും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ചതെന്നും പോലീസ് പറയുന്നു.
ജാമിയ മിലിയ സര്‍വകലാശാലയ്ക്കു സമീപം നടന്ന വെടിവെപ്പ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് രാംഭക്ത് ഗോപാല്‍ ശര്‍മ എന്നയാളാണ്. ഇയാള്‍ക്ക് 17 വയസ്സേ ഉള്ളെന്നും പോലീസ് പറയുന്നു. വെടിവെയ്പില്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ക്കു പരുക്കേറ്റിരുന്നു. മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ് ഘട്ടിലേക്ക് വിദ്യാര്‍ത്ഥികള്‍ സമാധാന പരമായി മാര്‍ച്ച് നടത്തുമ്പോഴായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ 'ജയ് ശ്രീറാം, ഡല്‍ഹി പോലീസ് സിന്ദാബാദ്' വിളികളോടെയാണ് വെടിയുതിര്‍ത്തത്. അതേസമയം വെടിയേറ്റ് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കും വരെ പോലീസുകാര്‍ നോക്കി നിന്നതായി ആരോപണമുണ്ട്.
രാവിലെ സ്‌കൂളിലേക്ക് പോകാനായി ഇറങ്ങിയ രാംഭക്ത് നേരെ ഡല്‍ഹിക്ക് വെച്ചു പിടിക്കുകയായിരുന്നു. അതിന് ശേഷം വിദ്യാര്‍ത്ഥികളില്‍ ഒരാളായി കൂടുകയും മാര്‍ച്ച് നടക്കുമ്പോള്‍ അവരില്‍ നിന്നും വെളിയില്‍ വന്ന് മാര്‍ച്ചിന് നേരെ നിറയൊഴിക്കുകയും ആയിരുന്നു. ഉച്ചയ്ക്ക് 1.40 നായിരുന്നു സംഭവം. ഇയാളെ ഉടന്‍ പോലീസ് പിടിച്ചു. ഇയാള്‍ ബജ്‌റംഗദള്‍ പ്രവര്‍ത്തകനായിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ജാമിയ മിലിയയിലെ ഒന്നാം വര്‍ഷം മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയായിരുന്ന ഷദാം ഫാറൂഖിനാണ് വെടിയേറ്റത്. 30 മീറ്റര്‍ അകലെ വെച്ചായിരുന്നു വെടി ഉതിര്‍ത്തത് എന്നതിനാല്‍ തോക്ക് കണ്ടില്ല എന്നാണ് പോലീസിന്റെ വാക്കുകള്‍. ഏതാനും ദിവസമായി പ്രതിഷേധത്തിനെതിരേ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുക ആയിരുന്നെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. രാംഭക്ത് സ്വയം തീവ്രവാദത്തിലേക്ക് തിരിഞ്ഞയാളാണെന്നാണ് പോലീസ് പറയുന്നത്.
ബജ്‌റംഗദള്‍ നടത്തിയ റാലിയില്‍ ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. സമര സ്ഥലത്തേക്ക് താന്‍ വരുന്നതിന്റെ ദൃശ്യങ്ങള്‍ രാംഭക്ത് സ്വന്തം ഫേസ്ബുക്ക് പേജിലെ ടൈംലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാവിയില്‍ പൊതിഞ്ഞാകണം അവസാന യാത്രയെന്നും ജയ് ശ്രീറാം വിളിക്കൂ എന്നും ഹിന്ദിയില്‍ പോസ്റ്റുണ്ട്. ഷഹീന്‍ ബാഗ് കളി തീര്‍ന്നു എന്നും പോസ്റ്റുണ്ട്. രണ്ടു വര്‍ഷമായി തീവ്രവാദ ആശയങ്ങളുള്ള പോസ്റ്റായിരുന്നു വായിച്ചിരുന്നതെന്നും രാം ഭക്ത് പോലീസിനോട് പറഞ്ഞിട്ടുണ്ട്.