https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/1/31/Economic-Survey.jpg

പിന്നോട്ടു പോയത് കുതിപ്പിന്റെ തുടക്കം; അടുത്ത വർഷം 6 – 6.5% വരെ വളർച്ച

by

ന്യൂഡൽഹി∙ നടപ്പു സാമ്പത്തിക വർഷത്തിൽ 5% വളർച്ചാ നിരക്കെന്നു സാമ്പത്തിക സർവേ. അടുത്ത വർഷം ആറു മുതൽ ആറര ശതമാനം വരെ വളർച്ച ഉണ്ടാവുമെന്നും സാമ്പത്തിക സർവേ പറയുന്നു. സാമ്പത്തിക സർവേ റിപ്പോർട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയിൽ വച്ചു. കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ രാജ്യം കടന്നു പോകുമ്പോഴാണു വളർച്ചാ നിരക്ക് കൂടുമെന്നു സാമ്പത്തിക സർവേ പ്രവചിക്കുന്നത്. കൂടുതല്‍ സാമ്പത്തിക പരിഷ്ക്കരണങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

2.5 ശതമാനമാണു വ്യവസായ വളര്‍ച്ച നിരക്ക്. രാജ്യാന്തര തലത്തിലെ പ്രതിസന്ധിയും നിക്ഷേപം കുറഞ്ഞതും ഇന്ത്യയുടെ വളര്‍ച്ചയെ ബാധിച്ചു. പൊതുമേഖല ബാങ്കുകളുടെ കാര്യത്തില്‍ അടിയന്തര ശ്രദ്ധവേണം. സാമ്പത്തിക സ്ഥിതി പിന്നോട്ടു പോയതു മുന്നോട്ടു കുതിക്കുന്നതിന്‍റെ തുടക്കമാണെന്നു റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ബജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും കാര്യക്ഷമമായ ചര്‍ച്ച നടക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഈ വർഷം ഇന്ത്യയുടെ ജിഡിപി 5 ശതമാനമായി ഇടിഞ്ഞിരുന്നു. കഴിഞ്ഞ 11 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കേന്ദ്ര ബജറ്റിനു തൊട്ടു മുൻപായി പാർലമെന്റിൽ അവതരിപ്പിക്കുന്ന സാമ്പത്തിക വിശകലന റിപ്പോർട്ടാണു സാമ്പത്തിക സർവേ റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ച അവലോകനം ചെയ്യുന്നതിനൊപ്പം സാമ്പത്തിക പ്രശ്നങ്ങളും നടപടികളും സാമ്പത്തിക സർവേ റിപ്പോർട്ട് വിശകലനം ചെയ്യും. 

English Summary: Economic Survey Pegs Economic Growth At 6-6.5% In 2020-21