ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ലോക ആരോഗ്യ സംഘടന
by Muhammed Salavudheenജനീവ: കൊറോണ വൈറസ് ബാധ ഭീതിപടര്‍ത്തി പടരുന്നതിനിടയിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ചൈനയ്ക്കു പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് ജനീവയില്‍ അറിയിച്ചു.
അതേസമയം, ചൈനയില്‍ രോഗബാധമൂലം മരിച്ചവരുടെ എണ്ണം 213 ആയി. ഇതുവരെ ലോകത്താകമാനമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 9700 പേരില്‍ ബഹുഭൂരിപക്ഷവും ചൈനയിലാണ്.
ചൈനയ്ക്ക് പുറത്ത് 20 രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ലോക ആരോഗ്യ സംഘടന രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങി എത്തിയ മലയാളി വിദ്യാര്‍ഥിനിക്ക് രോഗംബാധിച്ചതായി സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയെയും പട്ടികയിൽ പെടുത്തിയത്.
തൃശ്ശൂര്‍ മെഡിക്കല്‍കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് വിദ്യാര്‍ത്ഥിനി. പെണ്‍കുട്ടിയുടെ നില ഗുരുതരമല്ല. കൊറോണ വൈസ് ബാധയെ തുടര്‍ന്ന് ലോകം അതീവ ജാഗ്രതയില്‍ തുടരുകയാണ്. 800 ഓളം പേർ കേരളത്തിൽ മാത്രം നിരീക്ഷണത്തിലാണ്.