പണം എടുത്തോളൂ, ഏഴ് വര്‍ഷത്തെ അധ്വാനമാണ്, ആ ലാപ്‌ടോപ് തിരിച്ചു തരൂ: അപേക്ഷിച്ച് ഗവേഷക വിദ്യാര്‍ഥി
തൃശ്ശൂര്‍: യാത്രാമധ്യേ ഗവേഷക വിദ്യാര്‍ത്ഥിയുടെ ലാപ്‌ടോപ്പ് നഷ്ടമായി. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ ചരിത്ര വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ഥിയായ മജീദ് പി.യുടെ ലാപ്‌ടോപ്പ് അടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച തൃശൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് ബാഗ് മോഷണം പോയത്. ഗവേഷണവുമായി ബന്ധപ്പെട്ട പ്രീ സബ്മിഷന്‍ പ്രസേന്റേഷന്‍ കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ബാഗ് നഷ്ടപ്പെട്ടത്.
ഏഴു വര്‍ഷം നീണ്ട മജീദിന്റെ ഗവേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് മജീദിന് ആ അധ്വാനത്തിന്റെ സര്‍വ്വതും നഷ്ടമായത്. ഗവേഷണത്തിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങള്‍ അടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്.
ബസിന്റെ ബര്‍ത്തില്‍ സൂക്ഷിച്ചിരുന്ന ബാഗാണ് മോഷ്ടിക്കപ്പെട്ടത്. കാലിയായ ബാഗ് ബസില്‍ ഉപേക്ഷിച്ച ശേഷം മജീദിന്റെ ബാഗ് എടുത്തുകൊണ്ടുപോകുകയായിരുന്നു.
പുത്തനത്താണിയില്‍ ബസ് നിര്‍ത്തിയപ്പോഴാണ് മോഷ്ടാവ് ബാഗുമായി കടന്നുകളഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബാഗ് എടുത്തുവെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ മജീദ് പുറത്തുവിട്ടിരുന്നു.
അമേരിക്കന്‍ ടൂറിസ്റ്ററിന്റെ കറുപ്പ് നിറത്തിലുള്ള ബാഗാണ് നഷ്ടപ്പെട്ടിട്ടത്. മജീദിന്റെ ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പെന്‍ഡ്രൈവ്, 2000 രൂപ, ബൈക്കിന്റെയും വീടിന്റെയും താക്കോല്‍ എന്നിവയും നഷ്ടപ്പെട്ട ബാഗില്‍ ഉണ്ടായിരുന്നു.
പണം എടുത്ത ശേഷം ലാപ്‌ടോപ്പും മറ്റു രേഖകളും അടങ്ങിയ ബാഗ് മോഷ്ടാവ് തിരിച്ച് ഏല്‍പ്പിക്കണമെന്ന് അപേക്ഷിക്കുകയാണ് മജീദ്. ബാഗിനെക്കുറിച്ചോ ലാപ്‌ടോപ്പിനെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ താഴെപറയുന്ന നമ്പറില്‍ ബന്ധപ്പെടുക.
ബന്ധപ്പെടേണ്ട നമ്പര്‍. മജീദ് പി. 9809243709, 6238303180.
Content Highlight: Research student's laptop was stolen