ബി എസ് എൽ എല്ലിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം : കൂട്ട വിരമിക്കലിന്‍റെ ഭാഗമായി കേരളത്തിൽ നിന്നും പടിയിറങ്ങുന്നത് 4589 പേർ
by Jaihind News Bureauബി എസ് എൽ എൽ കൂട്ട വിരമിക്കലിന്‍റെ ഭാഗമായി കേരളത്തിൽ നിന്നും 4589 പേർ ഇന്ന് സ്ഥാപനത്തിന്‍റെ പടിയിറങ്ങും. അവശേഷിക്കുന്നത് 4785 ജീവനക്കാർ മാത്രം.
കേന്ദ്രസർക്കാർ ആവിഷ്കരിച്ച പുനരുദ്ധാരണ പാക്കേജിന്‍റെ ഭാഗമായി നടപ്പിലാക്കുന്ന സ്വയം വിരമിക്കൽ പദ്ധതി പ്രകാരം ബി എസ് എൻ എൽ ജീവനക്കാരുടെ കൂട്ടവിരമിക്കലാണിന്ന്. അൻപത് വയസ്സിനു മുകളിൽ ഉള്ള ജീവനക്കാർക്കായിരുന്നു സ്വയം വിരമിക്കലിന് അപേക്ഷ നല്‍കുവാനുള്ള യോഗ്യത. 60 വയസ്സാണ് ബിഎസ്എൻഎൽ ജീവനക്കാരുടെ നിലവിലെ വിരമിക്കൽ പ്രായം. VRS പ്രഖ്യാപിക്കുമ്പോൾ കേരളത്തിൽ 9,374 ജീവനക്കാരാണുണ്ടായിരുന്നത്. ഇതിൽ 4589 ജീവനക്കാർ ഇന്ന്സ്വയം വിരമിക്കുമ്പോൾ അവശേഷിക്കുന്നത് 4785 പേർ മാത്രം. എറണാകുളം ബിസിനസ് മേഖലയിലാണ് കൂടുതൽ പേർ VRS എടുക്കുന്നത്. 1,795 ജീവനക്കാരിൽ 1,027 പേർ എറണാകുളത്ത് സ്വയം വിരമിക്കുന്നുണ്ട്. ഗ്രൂപ്പ് ഡി മുതൽ ഡെപ്യൂട്ടി ജനറൽ മാനേജർ വരെ ഏതാണ്ട് എല്ലാ തസ്തികകളിൽ നിന്നുമുള്ള ജീവനക്കാരും സ്വയം വിരമിക്കുന്നവരിൽപ്പെടുന്നു.
സ്വയം വിരമിക്കുന്നവർക്ക് 40 മാസത്തെ ശമ്പളം, 125% എന്ന വ്യവസ്ഥ കണക്കാക്കിയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. നിയമപരമായ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. നാളെ മുതൽ ജീവനക്കാർ പകുതിയിൽ താഴെ ആകുമെങ്കിലും, ഉപഭോക്തൃ സേവനങ്ങളിലും, സൗകര്യങ്ങളിലും ഒരു കുറവും ഉണ്ടാകരുതെന്ന നിലപാടിലാണ് മാനേജ്മെന്‍റ്. എന്നാൽ VRS എടുത്തവരുടെ ഒഴിവ് ടെക്നിക്കല്‍ മേഖലയെ ബാധിക്കും എന്നുതന്നെയാണ് വിരമിക്കുന്ന ജീവനക്കാർ പറയുന്നത്