പ്രശാന്ത് കിഷോറിന് പിന്നാലെ പാര്‍ട്ടികള്‍, അതില്‍ കോണ്‍ഗ്രസും; നിലപാട് വ്യക്തമാക്കി രാഷ്ട്രീയ തന്ത്രജ്ഞന്‍
by ന്യൂസ് ഡെസ്ക്പറ്റ്ന: ജനതാദള്‍ യുണൈറ്റഡില്‍ നിന്ന് പുറത്താക്കപ്പെട്ട രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ തങ്ങളോടടുപ്പിക്കാന്‍ ആഞ്ഞുശ്രമിച്ച് പാര്‍ട്ടികള്‍. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ബീഹാറില്‍ തന്നെയായിരിക്കും എന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയതോടെ സംസ്ഥാനത്തെ ആര്‍.ജെ.ഡി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് ശ്രമങ്ങള്‍ സജീവമാക്കിയത്.
ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ്പ്രതാപ് യാദവാണ് പ്രശാന്ത് കിഷോറിനെ തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. തേജ്പ്രതാപ് യാദവിന്റെ ക്ഷണത്തോട് സംസ്ഥാന അദ്ധ്യക്ഷന്‍ ജഗദാനന്ദ് സിങ് അത്ര നല്ല രീതിയിലല്ല പ്രതികരിച്ചതെങ്കിലും മറ്റ് നേതാക്കള്‍ക്ക് ആ നിലപാടല്ല ഉള്ളത്.
സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി താനുണ്ടാവുമെന്ന് പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചതോടെ ബീഹാര്‍ കോണ്‍ഗ്രസും ഊര്‍ജ്ജിത ശ്രമത്തിലാണ്. പ്രശാന്ത് കിഷോറുമായി എങ്ങനെ സഹകരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ മദന്‍മോഹന്‍ ജാ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രശാന്ത് കിഷോറുമായി നേരത്തെ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അതില്‍ തങ്ങള്‍ സംതൃപ്തരാണെന്നും മദന്‍മോഹന്‍ ജാ പറഞ്ഞു. 2015ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി, ജെ.ഡിയു, കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടി പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിരുന്നു.
അതിനിടയില്‍ ജനതാദള്‍ എസ് പ്രശാന്ത് കിഷോറിനെ ബന്ധപ്പെട്ടു. കര്‍ണാടകയിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രശാന്ത് കിഷോറിന്റെ സേവനം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് എച്ച.ഡി കുമാരസ്വാമിയും നിഖില്‍ കുമാരസ്വാമിയും പ്രശാന്ത് കിഷോറിനെ കണ്ടത്.
താന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പ്രശാന്ത് കിഷോര്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ജെ.ഡി.യുവില്‍ നിന്ന് പുറത്തായതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസിലേക്കെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.