https://janamtv.com/wp-content/uploads/2020/01/muthala.jpg

ഭീമന്‍ മുതലയുടെ കഴുത്തില്‍ ടയര്‍ കുടുങ്ങി; നീക്കുന്നവര്‍ക്ക് വന്‍തുക പ്രതിഫലം

by

ജക്കാര്‍ത്ത: വര്‍ഷങ്ങളായി ബൈക്കിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ ജീവിക്കുന്ന മുതലയെ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം. മുതലയുടെ കഴുത്തില്‍ കുടുങ്ങി കിടക്കുന്ന ടയര്‍ ഊരി എടുക്കുന്നവര്‍ക്കാണ് ഇന്തോനേഷ്യന്‍ അധികൃതര്‍ വന്‍ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

മധ്യസുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ പാലുവിലാണ് ഈ മുതല വസിക്കുന്നത്. ടയര്‍ ഊരാനായി നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് അധികൃതര്‍ പുതിയ നീക്കവുമായെത്തിയത്. എന്നാല്‍ 13 അടിയോളം നീളമുള്ള ഭീമാകാരന്‍ മുതലയെ സഹായിക്കാന്‍ ആരെങ്കിലും രംഗത്തെത്തുമോയെന്ന് കണ്ടറിയേണ്ടതുണ്ട്.

പ്രതിഫലം ലഭിക്കുമെന്ന് കരുതി ആരും അപകടത്തിലേക്ക് എടുത്തു ചാടരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുതലയെ ആരും അനാവശ്യമായി ശല്യം ചെയ്യരുതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. വന്യജീവികളെ ഇത്തരത്തിലുള്ള അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുന്നതില്‍ മുന്‍പരിചയമുള്ളവര്‍ മാത്രം മുതലയുടെ സഹായത്തിനെത്തിയാല്‍ മതിയെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്.

വര്‍ഷങ്ങളായി കഴുത്തില്‍ ടയര്‍ കുടുങ്ങി കിടക്കുന്ന മുതലയ്ക്ക് ഇപ്പോള്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി അധികൃതര്‍ കണ്ടെത്തി. ഇത് മുതലയെ സാവധാനം മരണത്തിലേക്ക് നയിക്കുമോയെന്നാണ് അധികൃതരുടെ സംശയം.