https://janamtv.com/wp-content/uploads/2020/01/epmww7pxuaaaa-k.jpg

വീണ്ടും ടൈ ; വീണ്ടും സൂപ്പർ ഓവർ ; വീണ്ടും സൂപ്പർ ഡ്യൂപ്പറായി ഇന്ത്യ

by

വെല്ലിംഗ്ടൺ : നാലാം ടി 20 യിലും കളിയുടെ ഗതി സൂപ്പർ ഓവർ നിർണയിച്ചപ്പോൾ വീണ്ടും ജയിച്ച് ടീം ഇന്ത്യ. കെ.എൽ രാഹുലിന്റെയും വിരാട് കോലിയുടേയും മികവിൽ സൂപ്പർ ഓവറിൽ നേടേണ്ട 14 റൺസ് ഇന്ത്യ ഒരു പന്ത് ബാക്കി നിൽക്കെ അടിച്ചെടുത്തു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 4-0 ലീഡ് നേടി.

ഇന്ത്യ മുന്നോട്ടു വച്ച 166 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ന്യൂസിലൻഡ് കഴിഞ്ഞ മത്സരത്തിലെ പോലെ അവസാന ഓവറിലാണ് കളി കൈവിട്ടത്. ശാർദൂൽ താക്കുർ എറിഞ്ഞ അവസാന ഓവറിൽ ഏഴു വിക്കറ്റ് കയ്യിലിരിക്കെ ഏഴു റൺസായിരുന്നു ന്യൂസിലൻഡ് നേടേണ്ടിയിരുന്നത്.

എന്നാൽ ആദ്യ പന്തിൽ തന്നെ വെറ്റേറൻ താരം റോസ് ടെയ്‌ലർ ഡീപ് മിഡ് വിക്കറ്റിൽ ശ്രേയസ് അയ്യർക്ക് പിടി കൊടുത്ത് പുറത്തായി. തൊട്ടടുത്ത പന്തിൽ ഡാരിൽ മിച്ചൽ മിഡോഫിനു മുകളിലൂടെ പന്ത് ഉയർത്തിയടിച്ച് ബൗണ്ടറി നേടി. വേണ്ടത് നാലു പന്തിൽ മൂന്ന് റൺസ്. ശാർദൂലിന്റെ അടുത്ത പന്ത് മിച്ചലിന് ബാറ്റിൽ കൊള്ളിക്കാൻ കഴിഞ്ഞില്ല. ബൈ റണ്ണിനായി ഓടിയ സീഫെർട്ട് സ്ട്രൈക്കിംഗ് എൻഡിൽ ഓടിയെത്തിയപ്പോഴേക്കും കണ്ടത് തകർന്ന സ്റ്റമ്പുകളായിരുന്നു. കെ.എൽ രാഹുലിന്റെ നേരിട്ടുള്ള ഏറ് ലക്ഷ്യം കണ്ടു.

മൂന്ന് പന്തിൽ മൂന്ന് റൺസ് വേണമെന്ന നിലയിൽ ശാർദ്ദൂലിന്റെ തൊട്ടടുത്ത പന്ത് മിഡ് വിക്കറ്റിലേക്ക് അടിച്ച സാന്റ്നർ ഒരു റൺ ഓടിയെടുത്തു. ഡാരിൽ മിച്ചൽ വീണ്ടും സ്ട്രൈക്ക് എൻഡിലെത്തി. ശാർദ്ദൂൽ താക്കൂറിന്റെ ഓഫ്‌സൈഡിൽ വന്ന ലെംഗ്ത് ബോൾ ഉയർത്തിയടിച്ച മിച്ചലിന് പിഴച്ചു. ശിവം ദുബെ ഒരു അനായാസ ക്യാച്ചിലൂടെ ന്യൂസിലൻഡിനെ നിരാശയിലാഴ്ത്തി. അവസാന പന്തിൽ ജയിക്കാൻ രണ്ടു റൺസ്.

അവസാന പന്ത് ഡീപ് പോയിന്റിലേക്ക് വീശിയടിച്ച സാന്റ്നർ ഒരു റൺസ് ഓടിയെടുത്തു. രണ്ടാം റൺസിനായി ഓടിയെത്തുന്നതിനു മുൻപ് സഞ്ജു സാംസൺ ഉജ്ജ്വലമായ ഒരു ത്രോയിലൂടെ കെ.എൽ രാഹുലിന് പന്തെത്തിച്ചു. സാന്റ്‌നർ ഔട്ട്. മാച്ച് ടൈ. വീണ്ടും സൂപ്പർ ഓവർ.ഇന്ത്യക്ക് വേണ്ടി ബൂമ്ര തന്നെ സൂപ്പർ ഓവർ എറിയാനെത്തിയപ്പോൾ ന്യൂസിലാൻഡിനു വേണ്ടി സീഫെർട്ടും മൺറോയുമാണ് ഓപ്പൺ ചെയ്തത്. സീഫെർട്ടിന്റെ ഒരു ബൗണ്ടറിയും മൺറോയുടെ ഒരു ബൗണ്ടറിയുമുൾപ്പെടെ സൂപ്പർ ഓവറിൽ പതിമൂന്ന് റൺസെടുക്കാനെ ന്യൂസിലൻഡിനു കഴിഞ്ഞുള്ളൂ.

മറുപടിയായി ബൗൾ ചെയ്യാനെത്തിയ സൗത്തിയുടെ ആദ്യ പന്ത് തന്നെ സിക്സർ പറത്തിയ രാഹുൽ അടുത്ത പന്ത് ബൗണ്ടറിയിലേക്ക് പായിച്ചതോടെ ഇന്ത്യ വിജയത്തോടടുത്തു. മൂന്നാമത്തെ പന്ത് ഡീപ് മിഡ് വിക്കറ്റിലേക്ക് ഉയർത്തിയടിച്ച രാഹുൽ കുഗ്ലെയ്ന് പിടി കൊടുത്ത് പുറത്തായി. തൊട്ടടുത്ത പന്ത് മിഡോഫിലേക്ക് തട്ടിയിട്ട് കോഹ്‌ലി രണ്ടു റൺസ് ഓടിയെടുത്തു. അഞ്ചാമത്തെ പന്ത് ഡീപ് മിഡിവിക്കറ്റിലേക്ക് ഉജ്ജ്വലമായ ബുള്ളറ്റ് ഷോട്ടിലൂടെ കോഹ്‌ലി ബൗണ്ടറി കടത്തിയതോടെ തുടർച്ചയായ രണ്ടാം സൂപ്പർ ഓവർ മത്സരത്തിലും ഇന്ത്യ വിജയിച്ചു.

നേരത്തെ ഹിറ്റ്മാനില്ലാതെ കളിക്കാനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണെടുത്തത്. കെ.എൽ രാഹുലിന്റെയും വാലറ്റത്തെ കൂട്ടു പിടിച്ച് രക്ഷാപ്രവർത്തനം നടത്തിയ മനീഷ് പാണ്ഡെയുടേയും പ്രകടനമാണ് ‌ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. കെ.എൽ രാഹുൽ 26 പന്തിൽ 39 ഉം പാണ്ഡെ 36 പന്തിൽ 50 റൺസെടുത്തു. ശാർദൂൽ താക്കൂറാണ് പ്ലേയർ ഓഫ് ദ മാച്ച്.