നിലയ്ക്കാതെ അഭിനന്ദനങ്ങള്‍? നന്ദിപറയുന്ന തിരക്കില്‍ സഫീക്

https://www.mathrubhumi.com/polopoly_fs/1.4489753!/image/image.jpg_gen/derivatives/landscape_607/image.jpg
അഭിനന്ദനമറിയിച്ചുകൊണ്ടുള്ള ഫോൺവിളിക്ക്‌
നന്ദിപറയുന്ന സഫീക്

അമ്പലപ്പുഴ: ഒറ്റദിവസംകൊണ്ട് സഫീക് താരമായി. ആലപ്പുഴ മുല്ലയ്ക്കല്‍ തെരുവില്‍ പപ്പടംവില്‍ക്കുന്ന മെക്കാനിക്കല്‍ എന്‍ജിനീയറെ മാതൃഭൂമി വാര്‍ത്തയിലൂടെ വായിച്ചറിഞ്ഞ നിരവധിപ്പേര്‍ അഭിനന്ദനവുമായെത്തി. അഭിനന്ദനങ്ങള്‍ക്ക് നന്ദിപറയുന്ന തിരക്കിലായിരുന്നു വ്യാഴാഴ്ച മുഴുവന്‍ സഫീക്. ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി, ആലപ്പുഴ ജില്ലയിലെ സെയില്‍സ് മാനേജര്‍ ജോലിയും സഫീക്കിന് വാഗ്ദാനംചെയ്തു.

ബി.ടെക് മൂന്നാം സെമസ്റ്ററിന് പഠിക്കുമ്പോള്‍ സ്വന്തംചെലവുകള്‍ സ്വയം കണ്ടെത്താന്‍ തെരുവില്‍ പപ്പടവില്‍പ്പനയ്ക്കിറങ്ങിയതാണ് സഫീക്. ഇപ്പോള്‍ എറണാകുളത്ത് വളഞ്ഞമ്പലത്തെ സ്വകാര്യസ്ഥാപനത്തില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ഡിപ്ലോമ വിദ്യാര്‍ഥിയായ ഇദ്ദേഹം പഠനസമയം കഴിയുമ്പോള്‍ മുല്ലയ്ക്കല്‍ തെരുവില്‍ പപ്പടവുമായെത്തും.

വ്യാഴാഴ്ച സഫീക് പപ്പടവില്‍പ്പനയ്ക്കിറങ്ങിയില്ല. വെള്ളിയാഴ്ച നടക്കുന്ന ഡിപ്ലോമ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. മാതൃഭൂമി വാര്‍ത്തവായിച്ച് നിരവധിപ്പേരാണ് മുല്ലയ്ക്കല്‍ തെരുവിലെ പപ്പടവില്‍പ്പനക്കാരനെ തേടിയെത്തിയത്. നിരവധിസ്ഥാപനങ്ങളില്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള അഭിമുഖവും കഴിഞ്ഞ് അവസരം കാത്തുകഴിയുകയാണ് സഫീക്.

സഫീക്കിനെ കണ്ടുപഠിക്കണമെന്ന് പോലീസ് ഓഫീസര്‍

ലഹരിയുടെ പിന്നാലെപോകാതെ യുവാക്കള്‍ സഫീക്കിനെ മാതൃകയാക്കണമെന്ന് കേരള പോലീസ് രഹസ്യാന്വേഷണവിഭാഗത്തിലെ എസ്.ഐ. അലി അക്ബര്‍. അധ്വാനിക്കാതെ ഏതുവഴിക്കും പണമുണ്ടാക്കാന്‍ യുവാക്കള്‍ മയക്കുമരുന്നിന്റെയും മറ്റും പിന്നാലെ പോകുകയാണ്. ഏതുജോലിക്കും മാന്യതയുണ്ടെന്നാണ് സഫീക് സമൂഹത്തിന് കാട്ടിത്തരുന്നത്. മാതൃഭൂമി വാര്‍ത്തവായിച്ച് സഫീക്കിനെ അഭിനന്ദനമറിയിച്ചതായും അദ്ദേഹം പറഞ്ഞു.

Content Highlights: Youth should take safeek as a model: SI Ali Akbar