ജാമിയ മിലിയ വെടിവെയ്പ്: അക്രമിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തു

https://www.mathrubhumi.com/polopoly_fs/1.2303247.1507738620!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിനിയമത്തിനെതിരെ റാലി നടത്തിയ  ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത പതിനേഴുകാരന്റെ അക്കൗണ്ട് നീക്കം ചെയ്തതായി ഫെയ്‌സ് ബുക്ക് അറിയിച്ചു. അക്രമിയുടെ പ്രൊഫൈലിൽ ഫെയ്‌സ് ബുക്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആക്രമണം നടത്തുന്നതിന് മുമ്പ് ഇയാള്‍ ഫെയ്‌സ് ബുക്ക് ലൈവില്‍ വരികയും ഷഹീന്‍ ബാഗ് എന്ന കളി അവസാനിച്ചു എന്ന് പോസ്റ്റിടുകയും ചെയ്തിരുന്നു. 

ഇത്തരത്തിലുള്ള അക്രമകാരികള്‍ക്ക് ഫെയ്‌സ് ബുക്കിലിടം നല്‍കാനാവില്ലെന്ന് ഫെയ്‌സ് ബുക്ക് വക്താവ് അറിയിച്ചു. കൂടാകെ ഇയാളെ അനുകൂലിച്ചോ അഭിനന്ദിച്ചോ പോസ്റ്റിടുകയോ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയോ ചെയ്യുന്നവരുടെ അക്കൗണ്ടുകളും നീക്കം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ഫെയ്‌സ് ബുക്ക് മാധ്യമാക്കുന്നത് കമ്പനിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ അക്കൗണ്ട് നീക്കം ചെയ്യുമെന്ന് ഫെയ്‌സ് ബുക്കിന്റെ മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്. 

വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഉത്തര്‍പ്രദേശുകാരനായ വിദ്യാര്‍ഥി പ്രതിഷേധക്കാര്‍ക്ക് നേരെ അക്രമം നടത്തിയത്. ഇാള്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനാണെന്ന് പോലീസ് പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇയാല്‍ തോക്ക് കരസ്ഥമാക്കുകയും പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവവരെ ആക്രമിക്കാന്‍ പദ്ധതിയിട്ടതായും പോലീസ് വ്യക്തമാക്കി. ഇയാളുടെ ആക്രമണത്തില്‍ ഒരു വിദ്യാര്‍ഥിയ്ക്ക് പരിക്കേറ്റിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. 

 

Content Highlights: Facebook Takes Down Profile of Jamia Shooter