ഹലോ... ഞങ്ങള്‍ വിടപറയുന്നു; പകുതിയോളം ബിഎസ്എന്‍എല്‍ ജീവനക്കാരും പടിയിറങ്ങി

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നായ ബി.എസ്.എന്‍.എല്ലില്‍നിന്ന് പകുതിയലധികം ആള്‍ക്കാര്‍ ഒറ്റയടിക്ക് പിരിഞ്ഞുപോകുന്നതോടെ സ്ഥാപനത്തിന്റെ ഭാവിപ്രവര്‍ത്തനത്തെക്കുറിച്ചും ആശങ്ക ഉയര്‍ന്നുകഴിഞ്ഞു.

by
https://www.mathrubhumi.com/polopoly_fs/1.4489787.1580454663!/image/image.jpg_gen/derivatives/landscape_894_577/image.jpg
ബി.എസ്‌.എൻ.എല്ലിൽനിന്ന്‌ സ്വയംവിരമിച്ച ജീവനക്കാർക്ക് നൽകിയ യാത്രയയപ്പ്‌ സമ്മേളനത്തിൽനിന്ന്

കണ്ണൂര്‍: ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വയം വിരമിക്കലിന് (വി.ആര്‍.എസ്.) ബി.എസ്.എന്‍.എല്‍. വിധേയമാകുമ്പോള്‍ കണ്ണൂര്‍ എസ്.എസ്.എ.യില്‍നിന്ന് 'ഗുഡ്ബൈ' പറയുന്നത് 444 പേര്‍.

ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം ആകെയുള്ള 955 പേരില്‍ ഇതോടെ പകുതിയിലധികം പേരും വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി പിരിഞ്ഞുപോകും. 50-നും 60-നുമിടയില്‍ പ്രായമുള്ളവരാണ് ഇങ്ങനെ വി.ആര്‍.എസ്. എടുക്കുന്നത്. ഗ്രൂപ്പ് എ വിഭാഗത്തില്‍ ആകെയുള്ള 32 പേരില്‍ 26 പേരും വിരമിക്കുകയാണ്.

സംസ്ഥാനത്ത് വിവിധ എസ്.എസ്.എ.കളിലായി 9381 പേരില്‍ 4596 പേരാണ് വി.ആര്‍.എസില്‍ ഉള്‍പ്പെടുന്നത്. വി.ആര്‍.എസിന്റെ രണ്ടാംഘട്ടം ഉടനുണ്ടാവുമെന്നും പറയുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നായ ബി.എസ്.എന്‍.എല്ലില്‍നിന്ന് പകുതിയലധികം ആള്‍ക്കാര്‍ ഒറ്റയടിക്ക് പിരിഞ്ഞുപോകുന്നതോടെ സ്ഥാപനത്തിന്റെ ഭാവിപ്രവര്‍ത്തനത്തെക്കുറിച്ചും ആശങ്ക ഉയര്‍ന്നുകഴിഞ്ഞു. പല മേഖലകളും കരാര്‍ വ്യവസ്ഥയിലേക്ക് മാറുന്നതോടൊപ്പം സ്വകാര്യമേഖലയുടെ ഇടപെടലും ഉണ്ടാവും.

നേരത്തെ 1.63 ലക്ഷം ജീവനക്കാരുണ്ടായിരുന്ന ബി.എസ്.എന്‍.എല്ലില്‍ നിന്ന് ഇപ്പോള്‍ 78559 പേരാണ് ഒറ്റയടിക്ക് വി.ആര്‍.എസ്. വാങ്ങിപ്പോകുന്നത്. ഇനി ബാക്കി 85344 പേരാണുള്ളത്. സ്ഥാപനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കൂട്ട വി.ആര്‍.എസ്. ജീവനക്കാരുടെ ആധിക്യമാണ് സ്ഥാപനത്തിന്റെ മുരടിപ്പിന് കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. ഇത്രയധികം ആള്‍ക്കാര്‍ പോകുന്നതോടെ ശമ്പളയിനത്തില്‍ സ്ഥാപനത്തിന് പ്രതിമാസം തന്നെ കോടികളുടെ നേട്ടമുണ്ടാകും.

മികച്ച പാക്കേജ്

ഏറ്റവും മികച്ച പാക്കേജാണ് ബി.എസ്.എന്‍.എല്‍. നല്‍കുന്നതെന്ന് വിരമിച്ച ജിവനക്കാര്‍ പറയുന്നു. അതു കൊണ്ടുതന്നെ കൂടുതല്‍പേര്‍ വി.ആര്‍.എസ്. എടുത്തു. സാധാരണയായി വിരമിക്കാന്‍ 52 മാസം ബാക്കിയുള്ള ഒരുലക്ഷംരൂപ ശമ്പളമുള്ള ഗ്രൂപ്പ് എ ഉദ്യോഗസ്ഥന് കിട്ടുക പ്രതിമാസം അരലക്ഷം രൂപ പെന്‍ഷന്‍. ഡി.എ. കൂടുമ്പോള്‍ ഈ പെന്‍ഷനും കൂടും. അതോടൊപ്പം എക്‌സ്ഗ്രേഷ്യ ആയി 37.5 ലക്ഷം രൂപയും ലഭിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഈ വിഭാഗക്കാര്‍ക്ക് എക്‌സ്ഗ്രേഷ്യയുടെ ശതമാനം കൂടി കൂട്ടുമ്പോള്‍ നിലവില്‍ വാങ്ങിക്കൊണ്ടിരിക്കുന്ന ശമ്പളത്തിന്റെ 25 ശതമാനം അധികമായിരിക്കും ലഭിക്കുക. വി.ആര്‍.എസിന്റെ ദൈര്‍ഘ്യം കുറയുന്നതിനനുസരിച്ച് പെന്‍ഷനും മറ്റും ആനുകൂല്യങ്ങളും കുറയും.

ഏറ്റവും വരുമാനമുള്ള എസ്.എസ്.എ.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള എസ്.എസ്.എ.കളില്‍ ഒന്നാണ് കണ്ണൂര്‍ എസ്.എസ്.എ. വന്‍ തോതില്‍ ജീവനക്കാര്‍ കുറയുന്നതോടെ നിലവിലുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കാനാണ് സാധ്യത. മെക്കാനിക്ക് സെക്ഷനിലൊക്കെ ആള്‍ക്കാര്‍ ഒഴിവാകുന്നതോടെ അറ്റകുറ്റപ്പണി നിലയ്ക്കാനാണ് സാധ്യത.

നിലവില്‍ ലാന്‍ഡ് ഫോണുകളുടെ എണ്ണം വന്‍ തോതില്‍ കുറഞ്ഞുകഴിഞ്ഞു. പകുതിയിലധികം ലാന്‍ഡ് ഫോണുകള്‍ ഇപ്പോള്‍ വരിക്കാര്‍ പിന്‍വലിച്ചു. നിലവില്‍ ഉള്ളവയില്‍ പലതും പ്രവര്‍ത്തനരഹിതമാണ്. കേബിളുകള്‍ ഇല്ലാത്തതും ഉള്ളയിടത്ത് ജോലിചെയ്യാന്‍ ആളില്ലാത്തതുമാണ് പ്രശ്‌നം. അതിനിടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കരാര്‍ തൊഴിലാളികളെ വിളിക്കുന്നുണ്ട്.

പല കസ്റ്റമര്‍ കെയര്‍ സെന്ററുകളും സ്വകാര്യമേഖലയ്ക്ക് കൊടുത്തുകഴിഞ്ഞു. കണ്ണൂരില്‍ 20 കസ്റ്റമര്‍ കെയര്‍ സെന്ററുകള്‍ ഇങ്ങനെ കൊടുത്തതില്‍പ്പെടും.

നോ ഫോര്‍-ജി

ഫോര്‍-ജി ഇല്ലാത്ത സാഹചര്യത്തില്‍ ബി.എസ്.എന്‍.എല്‍. മൊബൈലിന് മേല്‍ ജിയോ പോലുള്ള കമ്പനികള്‍ വന്‍ ആധിപത്യം ഉണ്ടാക്കുകയാണ്. ഫോര്‍-ജി മാര്‍ച്ചോടുകൂടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ കാക്കാന്‍ വരിക്കാര്‍ പലരും തയ്യാറാവില്ല.

അതേസമയം ജീവനക്കാരുടെ ബാഹുല്യം ഒഴിവാക്കി അമിതഭാരം കുറഞ്ഞ ബി.എസ്.എന്‍.എല്ലിനെ അല്‍പ്പാല്‍പ്പമായി സ്വകാര്യകമ്പനികള്‍ ഏറ്റെടുക്കാനുള്ള സാധ്യതയാണ് കാണുന്നതെന്ന് ജീവനക്കാര്‍തന്നെ പറയുന്നു. ഇപ്പോള്‍ തന്നെ ടവര്‍ കമ്പനി ഉള്‍പ്പടെ പലതും കമ്പനികളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇവയില്‍ സ്വകാര്യമേഖലയ്ക്ക് ഇടപെടാനും എളുപ്പമായി.

content highlights; 444 staffs retiring from BSNL kannur SSA today