https://www.doolnews.com/assets/2020/01/mitg-399x227.jpg

പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്‌ലിങ്ങളേയും ഉള്‍പ്പെടുത്തണമെന്ന് സര്‍വകക്ഷിയോഗത്തില്‍ എന്‍.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലിദള്‍; ഞെട്ടിത്തരിച്ച് ബി.ജെ.പി

by

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്‌ലിങ്ങളേയും ഉള്‍പ്പെടുത്തണമെന്ന് എന്‍.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലിദള്‍. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് ശിരോമണി അകാലിദളിന്റെ പ്രതികരണം.

മതാടിസ്ഥാനത്തില്‍ ഒരു നിയമം കൊണ്ടുവരുന്നതിനെ സ്വീകരിക്കാനാവില്ലെന്നും യോഗത്തില്‍ പാര്‍ട്ടിയുടെ രാജ്യസഭാംഗം ബല്‍വീന്ദര്‍ സിംഗ് ഭുണ്ടര്‍ പറഞ്ഞു. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സീറ്റ് പങ്കുവെച്ചതില്‍ ശിരോമണി അകാലിദള്‍ നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയും ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബിന്ദര്‍ സിംഗും ഇത് സംബന്ധിച്ച് ഇന്നലെ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിലെ തന്നെ കക്ഷി വിമര്‍ശനവുമായി രംഗത്തെത്തിയത് ബി.ജെ.പിയേയും അങ്കലാപ്പിലാക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിയമത്തില്‍ മതങ്ങളുടെ പേര് മാറ്റി മതന്യൂനപക്ഷങ്ങള്‍ എന്നാക്കണമെന്ന് ബല്‍വീന്ദര്‍ സിംഗ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ നേരത്തെ ശിരോമണി അകാലിദള്‍ പിന്തുണച്ചിരുന്നു.

ദല്‍ഹി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന പ്രചരണങ്ങളില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നും ബല്‍വീന്ദര്‍ സിംഗ് ദി ഹിന്ദുവിനോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍വകക്ഷിയോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. കശ്മീര്‍, പൗരത്വ നിയമം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ പറഞ്ഞു.

WATCH THIS VIDEO: