https://janamtv.com/wp-content/uploads/2020/01/lap.jpg

പണം എടുത്തോളൂ, ലാപ്‌ടോപ്പ് തിരികെ തരണം; നഷ്ടപ്പെട്ട ബാഗ് തിരിച്ചു വേണമെന്ന അപേക്ഷയുമായി ഗവേഷക വിദ്യാര്‍ത്ഥി

by

തൃശൂര്‍: പണം വേണമെങ്കില്‍ എടുത്തോളൂ, പക്ഷെ ലാപ്‌ടോപ്പ് തിരികെ തരണം. യാത്രാമധ്യേ ബാഗ് നഷ്ടപ്പെട്ട ഒരു ഗവേഷക വിദ്യാര്‍ത്ഥിയുടെ അപേക്ഷയാണിത്. തൃശൂര്‍ കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് ഗവേഷക വിദ്യാര്‍ത്ഥിയായ മജീദിന്റെ ബാഗ് നഷ്ടപ്പെടുന്നത്. ചരിത്ര വിഭാഗത്തില്‍ ഗവേഷണം നടത്തുന്ന മജീദ് ഗവേഷണവുമായി ബന്ധപ്പെട്ട പ്രീ സബ്മിഷന്‍ പ്രസന്റേഷന്‍ കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ബാഗ് നഷ്ടപ്പെട്ടത്.

ഏഴ് വര്‍ഷം നീണ്ട ഗവേഷണത്തിന്റെ അവസാനഘട്ടത്തിലാണ് മജീദിന് തന്റെ അധ്വാനം മുഴുവന്‍ നഷ്ടമായത്. ഗവേഷണത്തിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങള്‍ അടങ്ങിയ ലാപ്‌ടോപ്പും നഷ്ടപ്പെട്ട ബാഗിലായിരുന്നു.

ബസിന്റെ ബര്‍ത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന ബാഗാണ് മോഷണം പോയത്. കാലിയായ ഒരു ബാഗ് ബസില്‍ ഉപേക്ഷിച്ച ശേഷമാണ് മജീദിന്റെ ബാഗ് എടുത്തുകൊണ്ടു പോയത്. പുത്തനത്താണിയില്‍ ബസ് നിര്‍ത്തിയപ്പോഴാണ് മോഷ്ടാവ് ബാഗുമായി കടന്നു കളഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മജീദിന്റെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വീടിന്റെ താക്കോല്‍, ഡ്രൈവിംഗ് ലൈസന്‍സ്, പെന്‍ഡ്രൈവ്, ബൈക്കിന്റെ താക്കോല്‍, 2000 രൂപ, ലാപ്‌ടോപ്പ് എന്നിവയായിരുന്നു ബാഗിലുണ്ടായിരുന്നത്.

പണം എടുത്ത ശേഷം ലാപ്‌ടോപ്പും മറ്റ് രേഖകളും തിരികെ നല്‍കണമെന്ന് മോഷ്ടാവിനോട് അപേക്ഷിക്കുകയാണ് മജീദ്. ബാഗിനെ കുറിച്ചോ ലാപ്‌ടോപ്പിനെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും മജീദ് പറയുന്നു.