https://img.manoramanews.com/content/dam/mm/mnews/news/india/images/2020/1/31/ranjitha-nithya.jpg

ശ്രീവള്ളി രഞ്ജിതയായി; ഇപ്പോള്‍ മാ നിത്യാനന്ദ മയി; എല്ലാത്തിനും പിന്നില്‍ താരം?; വിവാദം

by

‘അവര് വന്നതിന് ശേഷമാണ് ആശ്രമത്തില്‍ ഇത്രമാത്രം മാറ്റങ്ങളുണ്ടായത്. കുട്ടികളെ ഉപദ്രവിക്കുന്നതിനും പീഡനത്തിനുമെല്ലാം ഒത്താശ ചെയ്യുന്നത് ആ സ്ത്രീയാണ്..’ നിത്യാനന്ദ ആശ്രമത്തില്‍ നടക്കുന്ന കൊടുംക്രൂരതകളുടെ റിപ്പോര്‍ട്ടുകള്‍ ഓരോ ദിനവും പുറത്തുവരികയാണ്. ആശ്രമത്തില്‍ മരിച്ച സംഗീതയുടെ അമ്മ ‍ഝാന്‍സി റാണിയുടെ ആരോപണങ്ങളില്‍ നടി രഞ്ജിതയുടെ പേരും പരാമര്‍ശിക്കുന്നുണ്ട്. രഞ്ജിത ആശ്രമത്തിന്റെ നിയന്ത്രണങ്ങള്‍ ഏറ്റെടുത്ത ശേഷമാണ് ഇത്രമാത്രം ക്രൂരതകളുടെ കൂത്തരങ്ങായി ആശ്രമം മാറിയതെന്നും പറയുന്നു. 

ആരാണ് രഞ്ജിത?

തെന്നിന്ത്യ മുഴുവന്‍ അടക്കിവാണ നായിക. തമിഴിലും മലയാളത്തിലും ഒട്ടേറെ ചിത്രങ്ങള്‍. അതും സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം. സൗന്ദര്യവും അഭിനയവും കൊണ്ട് രഞ്ജിത ആരാധകരുടെ മനം കവര്‍ന്നു. 1992ല്‍ ഭാരതിരാജ സംവിധാനം ചെയ്ത നാടോടി തെന്‍ട്രല്‍ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ആരും കൊതിക്കുന്ന വളര്‍ച്ച. ശ്രീവള്ളി എന്നാണ് ഇവരുടെ യഥാര്‍ഥ പേര്. സിനിമയിലെത്തിയപ്പോള്‍ രഞ്ജിതയായി. 2000 ത്തില്‍ രാകേഷ് മേനോന്‍ എന്ന വ്യക്തിയെ വിവാഹം കഴിച്ച രഞ്ജിത 2007ല്‍ വിവാഹമോചനം നേടി. പിന്നീട് മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് നിത്യാനന്ദയുമായുള്ള വിവാദ വിഡിയോ പുറത്തുവന്നത്. ഇതോടെ സിനിമാ ജീവിതത്തിന് അവസാനമായി.

https://img.manoramanews.com/content/dam/mm/mnews/news/india/images/2020/1/27/rani-about-nithyantha.jpg

പിന്നീട് രഞ്ജിതയെ കണ്ടത് ആശ്രമത്തിലെ അന്തേവാസിയായിട്ടാണ്. നിത്യാനന്ദയേക്കാള്‍ രണ്ടുവയസ് മുതിര്‍ന്ന രഞ്ജിത പിന്നീട് മാ നിത്യാനന്ദ മയി എന്ന പേരു സ്വീകരിച്ച് ആശ്രമത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതിന് ശേഷം അവിടെ നടന്ന നടുക്കുന്ന ക്രൂരതകള്‍ ആരെയും അമ്പരപ്പിക്കും. കുട്ടികളും യുവതികളും പുരുഷന്‍മാരും ലൈംഗിക പീഡനത്തിന് ഇരായായതായി അവിടെ നിന്നും രക്ഷപ്പെട്ടെത്തിയവര്‍ വെളിപ്പെടുത്തുന്നു. ഇതിനെല്ലാം ഒത്താശ ചെയ്യുന്നത് രഞ്ജിതയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഇപ്പോഴും നിത്യാനന്ദയ്ക്കൊപ്പം ഒളിവിലിരുന്ന് കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത് ഇവരാണെന്നാണ് ഉയരുന്ന ആരോപണം.

മൂന്നാംകണ്ണ് കൊണ്ട് സ്കാനിങ്ങ്; വരം കിട്ടിയ രണ്ടുപെൺകുട്ടികൾ എവിടെ?; ദുരൂഹം

ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണു യുവതികളെ ആശ്രമത്തിൽ പ്രവേശിപ്പിച്ചിരുന്നതെന്നും ഇവർ അവകാശപ്പെട്ടു. താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ഉണർവാണു താൻ ഭക്തർക്കു നൽകുന്നതെന്നായിരുന്നു നിത്യാനന്ദയുടെ വാദം.

വിവാദ വിഡിയോ എടുത്തത് ആരതി റാവു

‘ഞാന്‍ ശിവനാണ്, നീ പാര്‍വതിയും’. ആരതി റാവുവിനോട് നിത്യാനന്ദ പറഞ്ഞ വാക്കുകളാണിത്. ഇതിന് പിന്നാലെ ആശ്രമത്തിലെ അന്തേവാസിയായി ആ യുവതി. 2004 മുതൽ 2009 വരെ ശിഷ്യയായിരുന്ന ആരതി റാവുവിന്റെ പിന്നീട് വന്ന വെളിപ്പെടുത്തലാണു നിത്യാനന്ദയുടെ സാമ്രാജ്യത്തിന്റെ അടിത്തറ ആദ്യം ഇളക്കിയത്. ‘നാൽപതോളം തവണയാണ് അയാൾ എന്നെ ബലാത്സംഗത്തിന് ഇരയാക്കിയത്. ദൈവത്തിന്റെ അവതാരമാണെന്നു ഞാൻ വിശ്വസിച്ചു. എന്നാൽ ശാരീരികമായി ഞാൻ ചൂഷണം ചെയ്യപ്പെടുന്നുവെന്ന സത്യം മനസ്സിലാക്കാൻ പോലും സമയമെടുത്തുവെന്നതാണ് സത്യം. ദൈവത്തെ പോലെ ഞാൻ കരുതിയ ഒരാളിൽ നിന്നുള്ള തിക്താനുഭവം കുറച്ചൊന്നുമല്ല എന്നെ തളർത്തിയത്’- ആരതി പറയുന്നു.

https://img.manoramanews.com/content/dam/mm/mnews/news/india/images/2020/1/29/nithyantha-past-life.jpg

ആരതി റാവുവിന്റെ പരാതിയിൽ നടന്ന അന്വേഷണത്തിൽ നിരവധി യുവതികളെയും കുട്ടികളെയും നിത്യാനന്ദ ലൈംഗിക ചൂഷണത്തിനു ഇരയാക്കിയതായി കണ്ടെത്തി. നിത്യാനന്ദയ്ക്കെതിരെ പരാതി നൽകിയതോടെ പലതവണ വധശ്രമമുണ്ടായി. ഗുരുതരമായ ലൈംഗിക രോഗങ്ങൾക്കു താൻ അടിമയാണെന്നും പണത്തിനും പ്രശസ്തിക്കും വേണ്ടിയാണു നിത്യാനന്ദയ്ക്കെതിരെ രംഗത്തു വരുന്നതെന്നും നിത്യാനന്ദയുടെ സൈബർ പടയാളികൾ കഥകൾ മെനഞ്ഞു. നിത്യാനന്ദയുടെ ഡ്രൈവർ ആയിരുന്ന ലെനിൻ കറുപ്പൻ നൽകിയ സൂചനകളും നിത്യാനന്ദയ്ക്കെതിരെ കുരുക്ക് മുറുക്കി.