കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയെ പോലീസ് വെടിവെച്ചു കൊന്നു ; 22 കുട്ടികളെയും മോചിപ്പിച്ചു ; നാട്ടുകാര്‍ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ച ഇയാളുടെ ഭാര്യ ആ​ശുപത്രിയില്‍ മരിച്ചു

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/01/369042/crime.jpg

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ജില്ലയിലെ 20 കുട്ടികളെ കൊലക്കേസ് പ്രതി ബന്ദിയാക്കിയ സംഭവത്തില്‍ ഇയാളുടെ ഭാര്യയും മരിച്ചു. നാട്ടുകാര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. ഇന്നലെ തന്നെ കുട്ടികളെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ പ്രതി സുരേഷ് ബദമിനെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. പോലീസും പ്രതിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒമ്പത് മണിക്കൂര്‍ നീണ്ടു നിന്നു.

മൊഹമ്മദാബാദില്‍ മകളുടെ ജന്മദിനാഘോഷത്തിനെന്ന പേരില്‍ വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയ കുട്ടികളെയും ഏതാനും സ്ത്രീകളെയുമാണ് ഇയാള്‍ ബന്ദിയാക്കിയത്. മകളുടെ വിവരം അറിവായിട്ടില്ല. പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ സുരേഷ് ബദമിന്റെ ഭാര്യയെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ഇവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സാരമായി മുറിവേല്‍ക്കുകയും ബോധം കെട്ടുപോകുകയും ചെയ്തിരുന്നു. കതാരിയ ഗ്രാമത്തില്‍ ഇന്നലെ െവെകിട്ടാണു സംഭവം. 23 കുട്ടികളെയാണ് ഇയാള്‍ ബന്ദികളാക്കിയത്.

ഇവരില്‍ ഒരാള്‍ രക്ഷപ്പെട്ടിരുന്നു. കുട്ടികള്‍ മടങ്ങിയെത്താത്തതിനെത്തുടര്‍ന്നു മാതാപിതാക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണു സംഭവം പുറംലോകമറിഞ്ഞത്. തോക്കുമായി വീടിന്റെ കവാടത്തില്‍നിന്നു ഭീഷണിമുഴക്കി ഇയാള്‍ രക്ഷാകര്‍ത്താക്കളെ ആക്രമിച്ചു. പിന്നാലെ സ്ഥലത്തെത്തിയ പോലീസിനു നേരേയും ഇയാള്‍ ടെറസില്‍നിന്നു വെടിയുതിര്‍ത്തു. പുലര്‍ച്ചെയോടെയാണ് ഇയാളെ കീഴടക്കി പോലീസ് കുട്ടികളെ മോചിപ്പിച്ചത്.

സംഭവത്തില്‍ മൂന്നു പോലീസുകാര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ശക്തി കുറഞ്ഞ ബോംബുകളും ഇയാള്‍ പ്രയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ച ഗ്രാമവാസി സതീഷ് ചന്ദ്ര ദുബേയുടെ കാലിനു വെടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുകയാണു ബദം. ഈയിടെയാണു പരോളില്‍ പുറത്തിറങ്ങിയത്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ വീടോ സ്വച്ഛ് മിഷന് കീഴില്‍ ശൗചാലയമോ നല്‍കാന്‍ സര്‍ക്കാര്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് കാണിച്ച് ഇയാള്‍ ജില്ലാ കളക്ടര്‍ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.