ജമ്മുവില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു; വാഹന പരിശോധനയ്ക്കിടെ സുരക്ഷാസേനയ്ക്കു നേരെ ആക്രമണം

ഒരു പോലീസുകാരന് പരിക്കേറ്റു. ഒരാളെ സംഭവസ്ഥലത്തുവച്ചു. രണ്ടു പേരെ സമീപത്തുള്ള വനമേഖലയിലും വച്ചാണ് വധിച്ചതെന്ന് പോലീസ് വ്യക്തമാക്കി

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/01/369045/army.jpg

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നഗ്രോട്ടയ്ക്ക് സമീപം ടോള്‍ പ്ലാസയില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. മൂന്നു ഭീകരരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ നടന്ന ഏറ്റുമുട്ടലില്‍ വധിച്ചത്.

ജമ്മു -ശ്രീനഗര്‍ ഹൈവേയില്‍ ബാന്‍ ടോള്‍ പ്ലാസയില്‍ വാഹന പരിശോധയ്ക്കിടെയാണ് ട്രക്കില്‍ എത്തിയ ഭീകരര്‍ വെടിവച്ചത്. ഒരു പോലീസുകാരന് പരിക്കേറ്റു. ഒരാളെ സംഭവസ്ഥലത്തുവച്ചു. രണ്ടു പേരെ സമീപത്തുള്ള വനമേഖലയിലും വച്ചാണ് വധിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ട്രക്കില്‍ നാലോ അഞ്ചോ ഭീകരര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. കത്വയിലെ ഹിരനഗറില്‍ നിന്നും നുഴഞ്ഞുകയറിയവരാണ് ഇവരെന്ന് കരുതുന്നു. ഇവര്‍ വിദേശികളാണെന്നാണ് കരുതുന്നത്. ഇവര്‍ക്ക് പ്രദേശവാസികളില്‍ നിന്ന് സഹായം ലഭിച്ചിരുന്നതായും കരുതുന്നു. എ.കെ-47 റൈഫിള്‍ അടക്കം നിരവധി ആയുധങ്ങള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ട്രക്കിലെ സഹായിയും അറസ്റ്റിലായിട്ടുണ്ട്.

ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ഉധംപൂര്‍ മേഖലയിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കിയിരുന്നു. ഹൈവേ വഴിയുള്ള ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന അനുഛേദം 370 ഓഗസ്റ്റ് അഞ്ചിന് റദ്ദാക്കിയതിനു ശേഷം മേഖലയില്‍ നടക്കുന്ന ആദ്യ ഭീകരാക്രമണമാണിത്.

2016 നവംബറില്‍ നഗ്രോട്ടയിലെ സൈനിക ക്യാംപിനു നേര്‍ക്ക് പോലീസ് വേഷത്തിലെത്തിയ ഭീകരര്‍ നടത്തിയ ആക്രമത്തില്‍ രണ്ട് ഓഫീസര്‍മാരടക്കം ഏഴ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.