സാമ്പത്തിക വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കും; പാര്‍ലമെന്റില്‍ വിശാല ചര്‍ച്ചവേണം-പ്രധാനമന്ത്രി

ബജറ്റ് സമ്മേളനത്തിനായി പാര്‍ലമെന്റിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

https://www.mathrubhumi.com/polopoly_fs/1.4489702.1580450423!/image/image.JPG_gen/derivatives/landscape_894_577/image.JPG

ന്യൂഡല്‍ഹി: വെള്ളിയാഴ്ച ആരംഭിച്ച പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത് സാമ്പത്തിക വിഷയങ്ങളിലായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമ്മേളനത്തിനായി പാര്‍ലമെന്റിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 '2020-ലെ ആദ്യ പാര്‍ലമെന്റ് സമ്മേളനമാണിത്. ഈ ദശകത്തിലേയും ആദ്യ സമ്മേളനമാണ്. ഈ ദശകത്തില്‍ ശോഭനമായ ഭാവി ഉറപ്പാക്കാന്‍ നാമെല്ലാവരും ശ്രമിക്കണം. ഒപ്പം ശക്തമായ അടിത്തറയും സൃഷ്ടിക്കണം. ഈ സമ്മേളനം പ്രധാനമായും സാമ്പത്തിക വിഷയങ്ങളില്‍ കേന്ദ്രീകരിക്കും. ഇതുസംബന്ധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും മികച്ച സംവാദങ്ങള്‍ നടക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു' മോദി പറഞ്ഞു.

സ്ത്രീശാക്തീകരണത്തിലും അടിച്ചമര്‍ത്തപ്പെട്ടവരിലുമാണ് തങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. ഈ ദശകത്തിലും തങ്ങള്‍ അത് തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

'ഇരുസഭകളിലും വിശാലവും ഗുണപരവുമായ ചര്‍ച്ചകളാണ് ആഗ്രഹിക്കുന്നത്. സാമ്പത്തിക കാര്യങ്ങളിലും നിലവിലെ ആഗോള സാമ്പത്തിക സ്ഥിതിയെ ഇന്ത്യക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിലും ശ്രദ്ധകേന്ദ്രീകരിക്കും'. അദ്ദേഹം പറഞ്ഞു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 

ഇതിനിടെ പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗസമയത്ത് എം.പി.മാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് എത്തിയത്. ഭരണഘടനയെ രക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി പാര്‍ലമെന്റിന് പുറത്തും കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു.

Conten Highlights: PM Modi says focus on economic issues,Want Vast Discussion-Budget Session 2020