ഇ.എം.എസ്,നായനാര്‍ സര്‍ക്കാരുകള്‍ ഗവര്‍ണര്‍ക്കെതിരായ പ്രമേയം പാസാക്കിയിട്ടുണ്ട്: ചെന്നിത്തല

https://www.mathrubhumi.com/polopoly_fs/1.4062875.1580450096!/image/image.JPG_gen/derivatives/landscape_894_577/image.JPG

തിരുവനന്തപുരം:  ഇ.എം.എസ് മന്ത്രിസഭയും നായനാര്‍ മന്ത്രിസഭയും അതാതുകാലത്തെ ഗവര്‍ണര്‍മാര്‍ക്കെതിരെ പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷ നേതാവിന്റെ നോട്ടീസിന്  കാര്യോപദേശക സമിതി അനുമതി നിഷേധിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന കാര്യസമിതി യോഗത്തില്‍  മുഖ്യമന്ത്രിയും പാര്‍ലമെന്ററി കാര്യമന്ത്രി എ.കെ ബാലനും പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞു. 

തമിഴ്‌നാട് നിയമസഭയില്‍ ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അന്നത്തെ ഗവര്‍ണറായ ചെല്ലറെഡ്ഡിയെ പിന്‍വലിക്കമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് ചെന്നിത്തല വ്യക്തമാക്കി. 

ഇ.എം.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിലെ ചില പാരഗ്രാഫുകള്‍ വായിക്കാതെ വന്നപ്പോള്‍ ഇത് ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ അപകടപ്പെടുത്തുന്ന ഒന്നാണെന്ന് പറഞ്ഞ് പ്രമേയം പാസാക്കിയിരുന്നു. 

കേരളത്തില്‍ രാം ദുലാരി സിന്‍ഹ ഗവര്‍ണറായിരുന്നപ്പോള്‍ ചാന്‍സലര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നടപടിയ്‌ക്കെതിരായി നായനാര്‍ സര്‍ക്കാരില്‍ ഭരണകക്ഷിയില്‍ നിന്ന് ഒ ഭരതന്‍ എം.എല്‍.എ കൊണ്ടുവന്ന പ്രമേയം ചര്‍ച്ച ചെയ്യുകയും അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. അന്നത്തെ സ്പീക്കറായിരുന്ന വര്‍ക്കല രാധാകൃഷ്ണന്‍ ഗവര്‍ണറെ തിരികെ വിളിക്കണമെന്ന പ്രമേയം നിയമസഭയ്ക്ക് പാസാക്കാമെന്ന് പറഞ്ഞു. ഇത്രയും കാര്യങ്ങള്‍ തങ്ങള്‍  സര്‍ക്കാരിനെ ബോധിപ്പിച്ചതാണ്.

ഇങ്ങനെ ഒരു പ്രമേയം പാസാക്കിയാല്‍ ഗവര്‍ണര്‍ക്ക് മഹത്വമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വാദം. പൗരത്വഭേദഗതി വിഷയത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ക്കെതിരായി കേരളത്തില്‍ ജനരോഷം ആളി കത്തുകയാണ്. ഈ ജനരോഷത്തിന്റെ പ്രതിഫലനം നിയമസഭയില്‍ പ്രതിഫലിച്ചില്ലെങ്കില്‍ പിന്നെ എവിടെയാണ് പ്രതിഫലിക്കുക. കേരളത്തിലെ ജനങ്ങളുടെ വികാരമാണ് നിയമസഭയില്‍ ഉണ്ടാകേണ്ടത്. ജനങ്ങള്‍ ഗവര്‍ണര്‍ക്കനുകൂലമായി മാറുമെന്നാണ് പാര്‍ലമെന്ററി കാര്യമന്ത്രി പറയുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

Content Highlight: Chennithala Press meet after govt reject notice to resolution against governor