https://janamtv.com/wp-content/uploads/2020/01/bengal-2.jpg

ക്രമസമാധാനം താറുമാറാക്കി മമതാ സര്‍ക്കാര്‍, ഗാന്ധിസ്മൃതി പരിപാടിയില്‍ ഗവര്‍ണറെ അവഹേളിച്ചു; പൊതുമധ്യത്തില്‍ പോലീസ് കമ്മീഷണറെ ചീത്തവിളിച്ച് ഗവര്‍ണര്‍; പശ്ചിമബംഗാളില്‍ സ്‌ഫോടനാത്മകമായ സാഹചര്യമെന്നും ഗവര്‍ണര്‍

by

കൊല്‍ക്കത്ത: സംസ്ഥാനത്തെ ക്രമസമാധാന നിലതാറുമാറാക്കിയ മമതാ സര്‍ക്കാറിനേയും പോലീസിനേയും ശക്തമായി വിമര്‍ശിച്ച് പശ്ചിമബംഗാള്‍ ഗവര്‍ണ്ണര്‍ ജഗ്ദീപ് ധന്‍കര്‍. വെറും രാഷ്ട്രീയക്കാരായി അധ:പതിക്കുകയും രാജ്യത്തിന്റെ നിയമത്തേയോ ഭരണഘടനയേയോ മാനിക്കാത്ത തരത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ മാറിയെന്നും ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചു.

ഗവര്‍ണര്‍ ഇരിക്കെ പരിപാടിയില്‍ പങ്കെടുത്ത ബാരാക്‌പോര്‍ പോലീസ് കമ്മീഷണര്‍ അടക്കം വര്‍ത്തമാന പത്രം വായിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് എടുത്തുപറഞ്ഞ ഒരു കാര്യം. മറ്റൊന്ന് വേണ്ടത്ര പോലീസുകാരെ നിയോഗിച്ചില്ലെന്ന വിഷയത്തിലും ധന്‍കര്‍ തന്റെ അതൃപ്തി രേഖപ്പെടുത്തി. പരിപാടിക്ക് ശേഷം മടങ്ങാനൊരുങ്ങവേയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഗവര്‍ണര്‍ സംസ്ഥാന ഭരണത്തിലെ അസ്വസ്ഥത എടുത്തുപറഞ്ഞത് .തന്റെ പരിപാടിയില്‍ ഹോം സെക്രട്ടറിയെപ്പോലും താന്‍ കണ്ടില്ലെന്ന പ്രോട്ടോക്കോള്‍ ലംഘനവും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

‘ ഈ നാട്ടില്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തുകയാണ്. ഒരു ക്രമസമാധാനപാലനത്തിനും ആര്‍ക്കും നേരമില്ല. ഇതിന് ഗാന്ധിജിയുടെ സ്്മൃതി ദിനത്തിലെങ്കിലും അറുതിവരുത്തണം.’ ഗവര്‍ണര്‍ സൂചിപ്പിച്ചു. ‘രാജ്യത്തെ ബഹുമാനിക്കാന്‍ പഠിക്കൂ. ഭരണഘടനയെ മാനിക്കാന്‍ തയ്യാറാകൂ. ഇത് തകര്‍ക്കാന്‍ കൂട്ടുനില്‍ക്കാതിരിക്കൂ. നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നവരോട് ഈ ദിവസമെങ്കിലും നീതി കാണിക്കൂ’ ഗവര്‍ണര്‍ രോഷത്തോടെയാണ് ഉദ്യോഗസ്ഥരുടേയും ചടങ്ങില്‍ പങ്കെടുത്ത രാഷ്ട്രീയക്കാരുടേയും തികഞ്ഞ അവഗണനക്കെതിരെ പ്രതികരിച്ചത്. കൊല്‍ക്കത്ത സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന അക്രമസംഭവത്തെ പേരെടുത്ത് പറഞ്ഞ ധന്‍കര്‍ പോലീസിന്റെ നിഷ്‌ക്രിയതയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

മാധ്യമങ്ങളോട് ഗവര്‍ണര്‍ അപേക്ഷാ സ്വരത്തില്‍ സംസാരിക്കുന്ന കാഴ്ചയും വീഡിയോയിലുണ്ട്. ‘ സംസ്ഥാനം മുഴുവനായി നിങ്ങളൊന്ന് ചെല്ലൂ. എല്ലാം സത്യസന്ധമായി പുറത്തുകൊണ്ടുവരൂ. ആര്‍ക്കും ഇവിടെ നിയമത്തില്‍ ബഹുമാനമില്ല. ആരും ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറല്ല. എല്ലാവരും രാഷ്ട്രീയത്തിലെത്തിയാല്‍ എല്ലാം തികഞ്ഞു എന്നാണ് കരുതിയിരിക്കുന്നത്. ജനാധിപത്യമെന്താണെന്ന് പോലും ആര്‍ക്കും ഒരു നിശ്ചയവുമില്ല. പശ്ചിമബംഗാള്‍ സ്‌ഫോടനാത്മകമായ അന്തരീക്ഷ ത്തിലൂടെയാണ് കടന്നുപോകുന്നത്. കൂറേ ദിവസമായി ഞാനിത് കണ്ടുകൊണ്ടി രിക്കുകയാണ്.’ ഗവര്‍ണറുടെ രോഷത്തോടെയുള്ള മറുപടിയാണ് ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.