കൊറോണ വൈറസ്; ‘വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും’ ആരോഗ്യമന്ത്രി
by Janam TV Web Deskതൃശൂര്‍: കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ. സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളെ കൂടി പങ്കാളികളാകുമെന്നും കെകെ ശൈലജ വ്യക്തമാക്കി.
അതേസമയം കൊറോണ രോഗബാധ സംബന്ധിച്ച് വ്യാജ വാര്‍ത്ത പരത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. രോഗം പകരുന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന മാധ്യമങ്ങളെയോ ഡോക്ടര്‍മാരെയോ മാത്രമെ ആശ്രയിക്കാന്‍ പാടുള്ളു എന്നും കെ കെ ശൈലജ വ്യക്തമാക്കി.
കൊറോണയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കൂട്ടായ്മകളില്‍ പങ്കെടുക്കരുതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 28 ദിവസം നിങ്ങള്‍ സഹകരിക്കണമെന്നും ആരോഗ്യമന്ത്രി തൃശൂരില്‍ പറഞ്ഞു.