സുരക്ഷിതനെന്ന് മലപ്പുറംകാരന്‍, പുറത്തിറങ്ങാനാകാതെ വുഹാനില്‍ 31 മലയാളികള്‍ ; കണ്ണിന്റെ ഭാഗമൊഴികെ മൂടിക്കെട്ടി കാമ്പസിനുള്ളില്‍ തന്നെ കഴിയുന്നു ; ഒഴിപ്പിക്കാനുള്ള ആദ്യ ഇന്ത്യന്‍വിമാനം ഇന്ന്

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/01/369039/corona-virus1.jpg

പെരിന്തല്‍മണ്ണ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ലോകത്തുടനീളം ആശങ്ക പടരുമ്പോള്‍ വുഹാനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ സുരക്ഷിതര്‍. ഇവരോട് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായിരിക്കാന്‍ ഇന്ത്യന്‍ എംബസി ഇമെയിലില്‍ അറിയിച്ചു. ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്രം നടപടിയാരംഭിച്ചു. വുഹാനില്‍നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ഇന്നു െവെകിട്ട് വിമാനം കയറും.

ഇന്ത്യാക്കാരുമായി ഇന്നു പുറപ്പെടുന്ന വിമാനത്തില്‍ വുഹാനില്‍ നിന്നുള്ളവരാകും കൂടുതല്‍. വുഹാനില്‍ നിന്നും വീഡിയോകോള്‍ വഴി വീട്ടുകാരുമായി ബന്ധപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശിയുള്‍പ്പെടെയുള്ള 31 മലയാളി വിദ്യാര്‍ഥികളാണ് ഉള്ളത്. ഇവര്‍ സുരക്ഷിതരാണെന്നും പെരിന്തല്‍മണ്ണ സ്വദേശി അക്ഷയ് പ്രകാശ് (23) പറഞ്ഞു. പെരിന്തല്‍മണ്ണ വെള്ളക്കോട്ടില്‍ പ്രകാശിന്റെ മകനായ അക്ഷയ് വ്യാഴാഴ്ച വൈകീട്ട് പിതാവുമായി വീഡിയോ കോളില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആദ്യവിമാനത്തില്‍ ഇവരെ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയിലാണ്.

അതേസമയം വിമാനം എപ്പോള്‍ എത്തുമെന്നോ ഇന്ത്യയില്‍ എവിടേക്കാണ് എത്തിക്കുകയെന്നോ തുടങ്ങിയ വിവരങ്ങള്‍ വ്യക്തമല്ല. ഇന്ത്യന്‍ എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പൗരന്‍മാരെ ഒഴിപ്പിക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥന െചെനീസ് വിദേശകാര്യമന്ത്രാലയം അംഗീകരിച്ചതിനു തൊട്ടുപിന്നാലെയാണു ദ്രുതഗതിയിലുള്ള നടപടി. യാത്രയ്ക്കു തയാറെടുക്കാനുള്ള സന്ദേശം, വുഹാന്‍ ഉള്‍പ്പെടുന്ന ഹുബെയ് പ്രവിശ്യയിലെ ഇന്ത്യക്കാരെ സാമൂഹികമാധ്യമമായ ''വിചാറ്റി''ലൂടെ അറിയിച്ചതായി െചെനയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

വുഹാന്‍ സിറ്റിയിലെ ഹുബെയ് യൂണിവേഴ്‌സിറ്റി ഓഫ് ചൈനീസ് മെഡിസിന്‍ കാമ്പസിലെ നാലാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് അക്ഷയ്. രോഗബാധയുടെ ഉറവിടത്തില്‍നിന്ന് 20 കിലോമീറ്റര്‍ മാറിയാണ് കോളേജ്കാമ്പസ്. മൂന്നുവര്‍ഷം ഫിലിപ്പീന്‍സിലായിരുന്ന അക്ഷയ് എട്ടുമാസം മുന്‍പാണ് ചൈനയില്‍ എത്തിയത്. മൂന്നുകിലോമീറ്ററോളം ചുറ്റളവിലുള്ള കാമ്പസിലേക്ക് പുറത്തുനിന്ന് ആരെയും കടത്തിവിടുന്നില്ല. പത്ത് ദിവസത്തിലേറെയായി കണ്ണിന്റെ ഭാഗമൊഴികെ മൂടിക്കെട്ടിയാണ് കാമ്പസിനുള്ളില്‍ ത്തന്നെ കഴിയുകയാണെന്നാണ് ഇയാള്‍ പറഞ്ഞത്. അകത്തു നിന്ന് കുട്ടികളാരും പുറത്തേക്ക് പോകുന്നില്ല. അവധിയായതിനാല്‍ കുറെ വിദ്യാര്‍ഥികള്‍ നേരത്തെ മടങ്ങിയിരുന്നു.

വുഹാനിലുള്ളവര്‍ക്കാണ് പ്രഥമ പരിഗണന. ഹുബെയിലെ മറ്റു പ്രദേശങ്ങളിലുള്ള ഇന്ത്യക്കാര്‍ക്കായി മറ്റൊരു വിമാനവും പിന്നാലെ പുറപ്പെടുമെന്നു സന്ദേശത്തില്‍ പറയുന്നു. എന്നാല്‍, യാത്രയുടെ സമയം വ്യക്തമാക്കിയിട്ടില്ല. എപ്പോള്‍ വേണമെങ്കിലും യാത്രയ്ക്ക് ഒരുങ്ങിയിരിക്കാനാണു നിര്‍ദേശം. നാട്ടില്‍ എത്തിയാലും 14 ദിവസത്തേക്കു മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്നാണ് ഇന്ത്യക്കാര്‍ക്കുള്ള നിര്‍ദേശം. വിമാനത്താവളത്തില്‍ എത്തിച്ചാല്‍ വൈദ്യപരിശോധന നടത്തുന്നതിനും ഏതെങ്കിലും തരത്തിലുള്ള അസുഖമുണ്ടെങ്കില്‍ ചികിത്സയ്ക്ക് വിടുകയും ചെയ്യും.