മനോനില തകരാറിലാകല്‍, കാഴ്ചക്കുറവ്, ഹൃദ്രോഗം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന 'പുതിയ തലമുറ' മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

by

കൊല്ലം: (www.kvartha.com 31.01.2020) ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുന്നതും വിപണിയില്‍ വലിയ വിലയുള്ളതുമായ പുതുതലമുറ മയക്കുമരുന്നുമായി യുവാവിനെ കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി അരമത്തുമഠം വൃന്ദാവനത്തില്‍ വാടകയ്ക്കു താമസിക്കുന്ന ശാസ്താംകോട്ട സ്വദേശിയായ മനീഷ് (21) ആണ് അറസ്റ്റിലായത്.

പുതിയ തലമുറ മയക്കുമരുന്നായ എം ഡി എം എ(മെത്തലീന്‍ ഡയോക്‌സി മെത് ആംഫ്റ്റമൈന്‍) കഞ്ചാവാണ് പ്രതിയുടെ കൈവശമുണ്ടായിരുന്നത്. ബാഗില്‍ ഒളിപ്പിച്ചനിലയില്‍ രണ്ടു ഗ്രാം എം ഡി എം എയാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ബെംഗളൂരുവില്‍ നിന്നാണ് കൊണ്ടുവരുന്ന വഴിയാണ് യുവാവ് പിടിയിലായത്.

കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ ടി.നാരായണന്റെ നിര്‍ദേശപ്രകാരം ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ജില്ലയിലെ ചില സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പുതിയ തലമുറ മയക്കുമരുന്നുകളുടെ ഉപയോഗം നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം ശക്തമാക്കിയത്.

https://1.bp.blogspot.com/-TeMJLwmp05s/XjPog75CIkI/AAAAAAAANTA/qx5Tb0z1CrwDAZ89_dYM-n7rBohEGypswCLcBGAsYHQ/s1600/youth.png

സ്‌പെഷ്യല്‍ ബ്രാഞ്ച് എ സി പി നസീര്‍ എം എ, ഡി സി ആര്‍ ബി എ സി പി അനില്‍കുമാര്‍ എം, കരുനാഗപ്പള്ളി എ സി പി എസ് വിദ്യാധരന്‍, സി ഐ മഞ്ജുലാല്‍, എസ് ഐമാരായ ജയകുമാര്‍, അലക്‌സാണ്ടര്‍ ജോഷി, ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് അംഗങ്ങളായ ബൈജു പി ജെറോം, സജു, സീനു, മനു, രിപു, രതീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. മനീഷിന്റെ കൂട്ടാളികളെക്കുറിച്ച് വിവരം ലഭിച്ചതായും പോലീസ് അറിയിച്ചു.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ലഹരിമരുന്നാണ് മെത്തലീന്‍ ഡയോക്‌സി മെത് ആംഫ്റ്റമൈന്‍ (എം.ഡി.എം.എ.). ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് മരണത്തിനുവരെ കാരണമാകാം. സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തില്‍പ്പെടുന്ന ഈ ലഹരിവസ്തു മോളി, എക്‌സ്, എക്സ്റ്റസി എന്നിങ്ങനെയും അറിയപ്പെടുന്നു.

കൂടുതല്‍ നേരം ലഹരി നില്‍ക്കുന്നു എന്നതാണ് ഇതിന്റെ ഉപയോഗം വര്‍ധിക്കാന്‍ കാരണം. ഹൃദ്രോഗം, ഓര്‍മക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകല്‍, കാഴ്ചക്കുറവ് എന്നിവയ്‌ക്കെല്ലാം ഇതിന്റെ ഉപയോഗം കാരണമാകും.

Keywords: News, Kerala, Drugs, Youth, Arrested, Police, Enquiry, Youth Arrested for Drugging