താനായിരുന്നെങ്കില്‍ അര്‍ണബിനോട് ഇതിലും കൂടുതല്‍ ചോദിച്ചേനെ: കുനാലിന് പിന്തുണയുമായി കട്ജു
ഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയെ വിമാനയാത്രയ്ക്കിടെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യാത്രാ വിലക്ക് നേരിട്ട ഹാസ്യ കലാകാരന്‍ കുനാല്‍ കംറയ്ക്ക് പിന്തുണയുമായി മുന്‍ സുപ്രീം കോടതി ജഡ്ജി മര്‍ക്കണ്ഡേയ കട്ജു. തന്റെ ഒപ്പമാണ് അര്‍ണാബ് യാത്രചെയ്തിരുന്നതെങ്കില്‍ ഇതിലും രൂക്ഷമായ ചോദ്യങ്ങള്‍ നേരിടേണ്ടി വന്നേനെയെന്നും തന്നെ വിലക്കാന്‍ ഏത് വിമാന കമ്പനിയ്ക്കാണ് ധൈര്യമെന്ന് കാണട്ടെയെന്നും മര്‍ക്കണ്ഡേയ കട്ജു പറഞ്ഞു. സഹയാത്രികനോട് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കുനാല്‍ കംറയ്ക്ക് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
മാധ്യമ പ്രവര്‍ത്തനത്തിന് തന്നെ കളങ്കമാണ് അര്‍ണാബ് എന്ന് കട്ജു
കഴിഞ്ഞ ദിവസം വിമാനത്തില്‍ വെച്ച് കുനാല്‍ കംറ സഹയാത്രികനായ അര്‍ണാബിനെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. താങ്കള്‍ മാധ്യമ പ്രവര്‍ത്തകനാണോ, ഭീരുവാണോ, ദേശീയ വാദിയാണോ എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പറഞ്ഞാണ് കുനാല്‍ ചോദ്യങ്ങള്‍ ചോദിച്ചത്. എന്നാല്‍ ചോദ്യങ്ങളോട് അര്‍ണാബ് പ്രതികരിച്ചില്ല. രോഹിത് വെമുലയുടെ അമ്മയ്ക്ക് വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും കുനാല്‍ അര്‍ണബിനോട് പറഞ്ഞു.
കുനാല്‍ അര്‍ണബിനെ ചോദ്യം ചെയ്യുന്ന വീഡിയോ വൈറലായതോടെ വിമാന കമ്പനികള്‍ യാത്രാവിലക്കുമായി രംഗത്തെത്തുകയായിരുന്നു. സ്‌പൈസ് ജെറ്റ്,ഇന്‍ഡിഗോ,എയര്‍ ഇന്ത്യ തുടങ്ങിയ വിമാന കമ്പനികളാണ് കുനാലിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നാലെ കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി വിമാനക്കമ്പനികളുടെ നടപടിയെ പിന്തുണച്ച് രംഗത്തെത്തി.
ശശി തരൂര്‍ എം.പി ഉള്‍പ്പെടെ നിരവധി പേര്‍ കുനാലിനെ പിന്തുണച്ചും രംഗത്തെത്തി. അര്‍ണാബ് ഭീരുവാണെന്നതിനെ തെളിവാണ് കുനാലിനെതിരെയുള്ള നടപടിയെന്നാണ് ഇവരുടെ ആരോപണം.
Content Highlight: Markandey Katju praise Kunal Kamra