ജാമിയ വിദ്യാര്‍ഥിക്ക് നേരെ വെടിയുതിര്‍ത്തത് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകന്‍; കൊലപാതക ശ്രമത്തിന് കേസ്
ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇയാള്‍ തോക്ക് സ്വന്തമാക്കിയിരുന്നു
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ആളുടെ പേരില്‍ കൊലപാതക ശ്രമത്തിന് കേസെടുത്തു. 17-വയസുകാരനായ ഇയാള്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള 11-ാം ക്ലാസ് വിദ്യാര്‍ഥിയാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും കൗമാരക്കാരന്റെ പേരില്‍ ചുമത്തിയിട്ടുണ്ട്. ഇയാള്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബജ്‌റംഗ് ദള്‍ റാലികളില്‍ ഇയാള്‍ പങ്കെടുത്തതിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇയാള്‍ തോക്ക് സ്വന്തമാക്കിയിരുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്നവരെ അക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും പോലീസ് വ്യക്തമാക്കി.
യുപിയിലെ ജവഹറിലുള്ള വീട്ടില്‍ നിന്ന് വ്യാഴാഴ്ച രാവിലെയാണ് ഇയാള്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. പതിവുപോലെ സ്‌കൂളിലേക്ക് പോകുന്നുവെന്നാണ് വീട്ടിലറിയിച്ചത്. തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള ബസില്‍ കയറുകയായിരുന്നു. സിഎഎക്കെതിരെ ജാമിയ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരത്തിനിടയില്‍ ഉച്ചയോടെ ചേര്‍ന്നു.
ഉച്ചയ്ക്ക് 1.40 ഓടെ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് തോക്കുമായി പുറത്തേക്കിറങ്ങി. ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന പോലീസ് സംഘം കാഴ്ചക്കാരായി നിന്നു. ആദ്യം തോക്ക് ചൂണ്ടി ഭീഷണിമുഴക്കിയ ഇയാള്‍ പോലീസുകാര്‍ നില്‍ക്കുന്നതിന്റെ മീറ്ററുകള്‍ക്ക് സമീപത്ത് വെച്ചാണ് വെടിയുതിര്‍ത്തത്. ശേഷം പോലീസ് പിടികൂടിയപ്പോള്‍ ഡല്‍ഹി പോലീസിന് ഇയാള്‍ സിന്ദാബാദ് വിളിക്കുകയും ചെയ്തു.
അക്രമത്തിന് മിനിറ്റുകള്‍ക്കുമുമ്പ്, 'ഷഹീന്‍ബാഗ് എന്ന കളി കഴിഞ്ഞു' എന്ന് ഫെയ്‌സ് ബുക്കില്‍ അക്രമി പോസ്റ്റിട്ടിരുന്നു. വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള നിരവധി പോസ്റ്റുകളാണ് ഇയാളുടെ ഫെയ്‌സ്ബുക്ക് ടൈംലൈനിലുള്ളത്. താന്‍ ആരുടെയും പ്രേരണയോടെയുമല്ല വെടിയുതിര്‍ത്തതെന്നും സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണെന്നുമാണ് ഇയാള്‍ പറഞ്ഞതെന്ന് പോലീസ് പറഞ്ഞു.
Content Highlights: Class 11 Student Who Fired At Jamia Protest Charged With Attempted Murder