https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/1/31/nithyananda-godman-rape-case.jpg

മൂന്നാംകണ്ണ് കൊണ്ട് സ്കാനിങ്; വരം കിട്ടിയ ആ രണ്ടു പെൺകുട്ടികൾ എവിടെ?

by

ചെന്നൈ∙ രണ്ടു പെൺകുട്ടികളെ ആശ്രമത്തിൽ തടവിൽ വച്ചിരിക്കുന്നുവെന്ന അച്ഛന്റെ പരാതിയാണു നിത്യാനന്ദയുടെ പേരിലുയർന്ന ആരോപണങ്ങൾ ഇത്രത്തോളം ശക്തമാവാൻ കാരണം. നിത്യാനന്ദയുടെ സന്തത സഹചാരിയായിരുന്നു ഇപ്പോൾ കേസ് കൊടുത്ത ജനാർദ്ദന ശർമ. തന്റെ രണ്ടു പെൺമക്കളെ നിത്യാനന്ദ തടവിൽ വച്ചിരിക്കുന്നതായും അവരെ ഉപദ്രവിക്കുന്നതായും പരാതിയിൽ പറയുന്നു. നിത്യാനന്ദയ്ക്കെതിരെ പോക്സോ കേസ് ആരോപിച്ചാണ് ഇൗ അച്ഛന്റെ പരാതി.

ഒപ്പം നിന്നവർ എതിരാകുന്നു

2013ൽ ജനാർദ്ദന ശർമയ്ക്കു ഹൃദയത്തിനു തകരാർ സംഭവിച്ചു. ചികിൽസ െകാണ്ട് ജീവൻ രക്ഷിക്കാൻ കഴിയില്ലെന്നു ഡോക്ടർമാർ വിധിയെഴുതി. ഇതോടെ അദ്ദേഹത്തിന്റെ ഭാര്യ നിത്യാനന്ദയുടെ ആശ്രമത്തിലെത്തി. തന്റെ ഭർത്താവിന്റെ ജീവൻ എങ്ങനെയും രക്ഷിക്കണമെന്ന് അഭ്യർഥിച്ചു. പിന്നീട് കണ്ടത് ശർമയുടെ രോഗം ഭേദമാകുന്നതാണ്. ഇതോടെ നിത്യാനന്ദയിലുള്ള വിശ്വാസം കുടുംബത്തിന് ഇരട്ടിച്ചു. തന്റെ നാലുമക്കളെയും കൂട്ടി ശർമ ആശ്രമത്തിലെത്തി. ഇനിയുള്ള കാലം ആശ്രമത്തിന്റെ ഭാഗമായി ജീവിക്കാമോയെന്ന് നിത്യാനന്ദ ചോദിച്ചു. ഇൗ വാക്കുകളിൽ ആ കുടുംബം വീണു.

ശർമയുടെ രണ്ടു പെൺകുട്ടികൾ പിന്നിട് നിത്യാനന്ദ ആശ്രമത്തിന്റെ പ്രധാന ഭാഗമായി. ആത്മീയ വിഷയങ്ങളിലും സാമൂഹിക പ്രശ്നങ്ങളിലും ഇൗ രണ്ടുപെൺകുട്ടികളും സജീവമായി. ആശ്രമത്തിൽനിന്നു പുറത്തുവരുന്ന വിഡിയോകളിൽ ഇവരാണ് നിലപാടുകൾ വിശദീകരിച്ചിരുന്നത്. മൂന്നാം കണ്ണ് എന്ന വരം ലഭിച്ചെന്നും ഇൗ പെൺകുട്ടികൾ വിഡിയോയിലൂടെ അവകാശപ്പെട്ടു.

എക്സ്റേയോ സ്കാനിങ്ങോ ഇല്ലാതെ തന്നെ ഫോട്ടോ അയച്ചുകൊടുത്താൽ അതുനോക്കി ആരോഗ്യപ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന് ഈ പെൺകുട്ടികൾ ഫെയ്സ്ബുക് ലൈവിൽ കൂടി പറഞ്ഞുകൊടുക്കുമത്രേ.

ഇൗ വിഡിയോകൾ വലിയ ചർച്ചയും വിവാദവുമായിരുന്നു. അപ്പോഴെല്ലാം മക്കളെ പിന്തുണച്ചും നിത്യാനന്ദയെ പുകഴ്ത്തിയുമാണ് ശർമ രംഗത്തു വന്നിരുന്നത്. ഇൗ വിഡിയോകൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ കാണാൻ കഴിയും. എന്നാൽ പിന്നീട് ശർമ ആശ്രമത്തിൽനിന്നു പുറത്തുകടക്കുകയും നിത്യാനന്ദയ്ക്കെതിരെ ആരോപണങ്ങളുയർത്തുകയും ചെയ്തു. നിത്യാനന്ദ തന്റെ മക്കളോട് അപമര്യാദയായി പെരുമാറുന്നുണ്ടെന്നും അവർക്ക് അശ്ലീല സന്ദേശങ്ങൾ അയയ്ക്കാറുണ്ടെന്നും അവർ തടവിലാണെന്നും ശർമ ആരോപിച്ചു. ഒപ്പം, പീഡനം അടക്കമുള്ള അതീവഗുരുതര ആരോപണങ്ങളുമുണ്ടായിരുന്നു. പതിയെ ഇൗ കേസ് വലിയ വിവാദമായി. ഇതേ തുടർന്നാണ് നിത്യാനന്ദയ്ക്ക് ഒളിവിൽ പോകേണ്ടി വന്നത്.

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/1/30/godman-nithyananda.jpg

എന്നാൽ ഇപ്പോഴും ഇൗ പെൺകുട്ടികൾ എവിടെയാണെന്നതിൽ വ്യക്തതയില്ല. നിത്യാനന്ദയ്ക്കൊപ്പം ഇവരുമുണ്ടെന്നാണ് ശർമ ആരോപിക്കുന്നത്. അച്ഛൻ പറയുന്നത് കള്ളമാണെന്നും ഞങ്ങളെ ആരും തടവിൽ വച്ചിട്ടില്ലെന്നും വെളിപ്പെടുത്തി ഇൗ പെൺകുട്ടികൾ ഒരു വിഡിയോ പുറത്തുവിട്ടിരുന്നു. എന്നാൽ ഇവർ ഇപ്പോൾ എവിടെയാണെന്ന് വ്യക്തമല്ല. തന്റെ മക്കളെ ഭീഷണിപ്പെടുത്തിയാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നും നിത്യാനന്ദയ്ക്കൊപ്പം അവരും രാജ്യം വിട്ടെന്നുമാണ് ശർമ പറയുന്നത്.

English Summary: Nithyananda case: Missing girl‌s releases video, mystery continues