https://img-mm.manoramaonline.com/content/dam/mm/mo/news/editorial/images/2020/1/30/vireal-corona-virus.jpg

വ്യാജനിൽ വീഴരുത്; ആ വാട്‌സാപ് വിഡിയോയിൽ കാണുന്നത് ‘വുഹാൻ മാർക്കറ്റ്’ അല്ല

by

പുതിയ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിലുള്ള മത്സ്യ–മാംസ മാർക്കറ്റ് എന്ന അടിക്കുറിപ്പോടെ വാട്സാപ്പിലൂടെ പ്രചരിക്കുന്ന ആ വിഡിയോ വുഹാൻ മാർക്കറ്റിന്റേതല്ല!

വുഹാനിലെ മാർക്കറ്റിൽ മയിൽ മുതൽ മുതല വരെയും എലി മുതൽ പാമ്പു വരെയും വിൽക്കാനുണ്ടെന്നതു ശരിയാണ്.

പക്ഷേ, ഇപ്പോൾ കേരളത്തിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയിൽ കാണുന്നത് ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപിലുള്ള ലാങ്കോവൻ മാർക്കറ്റ് ആണ്. ഇൗ മാർക്കറ്റിലും വന്യമൃഗങ്ങളെയടക്കം വറുത്തതും പൊരിച്ചതുമൊക്കെ വാങ്ങാൻ കിട്ടും. വിഡിയോയുടെ തുടക്കത്തിൽ മാർക്കറ്റിന്റെ പേര് എഴുതിക്കാണിക്കുന്നുണ്ട്. മാത്രമല്ല, വിഡിയോ ശ്രദ്ധിച്ചാൽ ലാങ്കോവൻ മാർക്കറ്റ് എന്നു സൂചിപ്പിക്കുന്ന ചില ബോർഡുകളും കാണാം. കൊറോണ വൈറസും വുഹാനുമൊക്കെ വാർത്തയിൽ വരുന്നതിന് ഏറെ മുൻപേ ഇതേ വിഡിയോ ഇന്റർനെറ്റിലുണ്ടായിരുന്നു താനും.

വ്യാജനിൽ വീഴരുത്, കരുതലെടുക്കണം

ന്യൂഡൽഹി / തിരുവനന്തപുരം ∙ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആശങ്ക പരത്തുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കർശന നടപടിക്ക്. തൊണ്ട വരണ്ടാൽ, 10 മിനിറ്റ് കൊണ്ട് കൊറോണ വൈറസ് ബാധയേൽക്കുമെന്നതടക്കം കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടേതെന്ന പേരിൽ വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രവഹിച്ചതോടെയാണു നടപടി. 

സമൂഹമാധ്യമങ്ങളിലടക്കം തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരും നി‍ർദേശിച്ചു.