https://img-mm.manoramaonline.com/content/dam/mm/mo/health/health-news/images/2020/1/31/corona.jpg

കൊറോണ വൈറസ്: ക്വാറന്റൈൻ പീരീഡ് എന്തിന്?

by

ചൈനയിൽ ഇപ്പോൾ നടക്കുന്നത് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്വാറന്റൈനാണ് (quarantine). നാല് കോടിയിലധികം ജനങ്ങളുള്ള പതിനാലോളം പട്ടണങ്ങളാണ്, ചൈനീസ് സർക്കാർ പൂർണമായും അടച്ചിട്ടിരിക്കുന്നത്. ഇവിടെനിന്നും പുറത്തേക്കും അകത്തേക്കുമുള്ള ഗതാഗതം, പൂർണമായും നിരോധിച്ചിരിക്കുന്നു. സ്കൂളുകളും കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടക്കുന്നു. നോവൽ കൊറോണ വൈറസ് കൂടുതൽ ഇടങ്ങളിലേക്ക് പടർന്നു പിടിക്കാതിരിക്കാനാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് സർക്കാർ പോയത്. എന്നാൽ ഇത് രോഗം പടരാതെ നിയന്ത്രിക്കുന്നതിനെ തന്നെ പ്രതികൂലമായി ബാധിക്കുമോ എന്നും വിദഗ്ധർക്കിടയിൽ പരക്കെ ആശങ്കയുണ്ട്.

'കപ്പൽവിലക്ക്' എന്നറിയപ്പെട്ടിരുന്ന ക്വാറന്റൈന്റെ ചരിത്രം തുടങ്ങുന്നത് പതിനാലാം നൂറ്റാണ്ടിലാണ്. സിസിലിയൻ തുറമുഖത്ത് പന്ത്രണ്ട് കപ്പലുകൾ വന്നണഞ്ഞത് ഒരു മഹാമാരിയും വഹിച്ചു കൊണ്ടാണ്. കപ്പൽത്തുറയിൽ എത്തിച്ചേർന്നവർ കണ്ടത്, കപ്പലുകളിലെ ഭൂരിഭാഗം നാവികരും മരിച്ചു കിടക്കുന്നതാണ്. കറുത്ത് വീർത്ത കഴലകളിലെ പരുക്കളിൽ നിന്നും, രക്തവും പഴുപ്പുമൊഴുകുന്ന, മൃതപ്രായരായ മറ്റ് നാവികരെ കണ്ട സിസിലിയക്കാർ അപകടം മണത്തു. കപ്പൽപ്പടയെ തിരിച്ചു കടലിലേക്ക് തന്നെ തിരിച്ചു വിട്ടെങ്കിലും, ഏറെ വൈകിപ്പോയിരുന്നു. തുടർന്നുള്ള അഞ്ചു വർഷങ്ങൾ, യൂറോപ്പിന്റെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളായി കുറിക്കപ്പെട്ടു. 'കറുത്ത മരണ'ങ്ങൾ കൊയ്ത പ്ലേഗ് എന്ന മഹാമാരി യൂറോപ്പിന്റെ ജനസംഖ്യയെ മൂന്നിലൊന്നാക്കി കുറച്ചു.

ആദ്യമായി 'കപ്പൽവിലക്ക്' തുടങ്ങിയത് ഇതിന് ശേഷമാണ്. തുറമുഖനഗരമായ വെനീസ്, അവിടെയെത്തിരുന്ന കപ്പലുകളെ 40 ദിവസത്തോളം കരയ്ക്കടുപ്പിക്കാൻ അനുവദിക്കാതെ, കടലിൽ തന്നെ നങ്കൂരമിട്ടു നിർത്താൻ തുടങ്ങി. നാൽപത് എന്ന് അർത്ഥം വരുന്ന 'quaranta' എന്ന ഇറ്റാലിയൻ വാക്കിൽ നിന്നാണ് ക്വാറന്റൈൻ എന്ന പദം വന്നത്. എന്തുകൊണ്ട് അന്ന് നാൽപത് എന്ന കാലയളവ് എടുത്തു, എന്നതിന് കൃത്യമായ കാരണം നമ്മുക്കറിയില്ല. പ്ളേഗിന്റെ ഇൻകുബേഷൻ കാലയളവിനെക്കാൾ ഏറെ കൂടുതലാണീ സമയം. ഈ സമയം കൊണ്ട്, കപ്പലിപ്പുള്ള എലികളും, പ്ളേഗ് പരത്തുന്ന ചെള്ളുകളും കൂടി ഇല്ലാതാവും എന്നത് രോഗപടർച്ചയെ തടയാൻ അക്കാലത്ത് സഹായിച്ചിരുന്നു എന്നത് ശരിയാണ്.

പിന്നീട് യെല്ലോ ഫീവർ തടയുന്നതിന് വേണ്ടി പല തുറമുഖ രാജ്യങ്ങളും കപ്പൽവിലക്കുകൾ ഉപയോഗിച്ചു വന്നിരുന്നുവെങ്കിലും, പത്തൊമ്പതാം നൂറ്റാണ്ടിൽ ഏഷ്യയിൽ നിന്നും തുടങ്ങി, മറ്റു ഭൂഖണ്ഡങ്ങളിലേക്ക് വീശിയടിച്ച കോളറയെന്ന മഹാവിപത്തിനെ തടുക്കാനാണ്, വീണ്ടും ക്വാറന്റൈൻ പ്രയോഗിക്കാൻ തുടങ്ങിയത്. സാനിറ്ററി കോർഡോൺ (sanitary cordon) എന്നറിയപ്പെട്ടിരുന്ന, രോഗപകർച്ച തടയാനായി, കൃത്യമായി അതിർത്തികൾ രേഖപ്പെടുത്തി രോഗബാധിതപ്രദേശങ്ങളെ ഒറ്റപ്പെടുത്തുന്നതും ഈ കാലഘട്ടത്തിൽ പ്രചാരത്തിൽ വന്നു. പിന്നീട് ഈ രോഗങ്ങൾക്കൊക്കെ തന്നെ ആന്റിബയോട്ടിക് ചികിത്സകൾ കണ്ടെത്തുകയും, പൊതുശുചിത്വം വർധിക്കുകയും ചെയ്തതോടെ ക്വാറന്റൈൻ പോലുള്ള നടപടികളുടെ പ്രസക്തി കുറഞ്ഞു വന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം- മനുഷ്യൻ രോഗങ്ങൾക്കെതിരെയുള്ള യുദ്ധം ജയിച്ചു എന്ന് ഊറ്റം കൊണ്ടിരുന്ന സമയം. മനുഷ്യരെയും കപ്പലുകളെയും തടഞ്ഞുവച്ച് ഒറ്റപ്പെടുത്തിയിരുന്നതൊക്കെ, പ്രാചീനകാലത്തെ ഫാലസികളായും, പഴഞ്ചൻ പ്രതിരോധ രീതിയായും കരുതപ്പെട്ടിരുന്ന കാലം. അപ്രതീക്ഷിതമായി പിന്നീട് ആ നൂറ്റാണ്ടിനെ ഇളക്കി മറിച്ചത്, ഇൻഫ്ലുവൻസ വൈറസിന്റെ മൂന്നു വമ്പൻ തിരകളാണ്.

1918-19ൽ വന്ന ആദ്യ തിര, ഒന്നാം ലോകമഹായുദ്ധം വെട്ടിക്കീറിയ പ്രദേശങ്ങളിൽ പരക്കെ നാശം വിതച്ചു. പാശ്ചാത്യരാജ്യങ്ങൾ നിവർത്തിയില്ലാതെ, സ്‌കൂളുകളും, പള്ളികളും, നാടകശാലകളും അടച്ചിട്ടു. കുമ്പസാരങ്ങളും, സംസ്കാരച്ചടങ്ങുകളും വരെ നിരോധിച്ചു. ലക്ഷണങ്ങൾ കണ്ടെത്തിയ പട്ടാളക്യാമ്പുകൾ ക്വാറന്റൈൻ ചെയ്തു. എന്നിട്ടും, പെട്ടെന്നു പകരുന്ന ഫ്‌ളൂ, ഗമിക്കുന്ന മിലിറ്ററി ട്രൂപ്പുകളുടെ വഴികളിലൂടെയും പൊതുജനങ്ങളിലൂടെയും മറ്റുമായി പടർന്നു നീങ്ങി. നൂറ്റാണ്ടിന്റെ അവസാനത്തോടെ ഫ്ലൂവാക്സിനുകൾ വികസിപ്പിച്ചതോടെ, പിന്നീട് വന്ന തിരകൾക്ക് കടുത്ത നിയന്ത്രണങ്ങൾ വേണ്ടി വന്നില്ല.

ക്വാറന്റൈൻ ആധുനികകാലഘട്ടത്തിൽ വീണ്ടും ഉപയോഗിക്കാൻ തുടങ്ങിയത് ചൈന തന്നെയാണ്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കം, 2003ൽ സാർസ് രോഗം ഗുവാൻഡോങ് പ്രവിശ്യയിൽ പൊട്ടിപ്പുറപ്പെട്ടതോടെയാണിത്. ആകാശസഞ്ചാരം സർവസാധാരണമായ ഈ കാലഘട്ടത്തിൽ, ഉയർന്ന മരണനിരക്കും ഉയർന്ന പകച്ചാശേഷിയുമുള്ള, സാർസ് ഉണ്ടാക്കുന്ന കൊറോണ വൈറസ് ലോകാരോഗ്യത്തിനുതന്നെ ഒരു ഭീഷണിയാണെന്ന് തിരിച്ചറിയപ്പെട്ടു. ചികിത്സ ഒന്നും തന്നെയില്ലാത്ത ഈ രോഗത്തിനെ നേരിടാൻ, കാലഹരണപ്പെട്ടു എന്ന് മുദ്രകുത്തിയ ക്വാറന്റൈൻ രീതി തന്നെയാണ് സ്വീകരിച്ചത്. പിന്നീട് 2009ലെ H1N1 വൈറസ് ബാധ പൊട്ടി പുറപ്പെട്ടപ്പോഴും, പല രാജ്യങ്ങളും പല രീതിയിലുമുള്ള ക്വാറന്റൈനുകൾ ഉപയോഗിച്ചിരുന്നു.

ആധുനിക പ്രതിരോധ ശാസ്ത്രപ്രകാരം ക്വാറന്റൈനും ഐസൊലേഷനും രണ്ടാണ്. രോഗം വന്നവരെ 'ഐസൊലേറ്റ്' ചെയ്യുകയും. രോഗം വന്നവരുമായി ഇടപഴകിയ, ഇതുവരെ രോഗലക്ഷണം കാണിക്കാത്തവരെ 'ക്വാറന്റൈ'നുമാണ് ചെയ്യുന്നത്. ഇൻകുബേഷൻ കാലയളവിനേക്കാളധികം ദിവസങ്ങൾ ക്വാറന്റൈൻ ചെയ്തിട്ടും, രോഗലക്ഷണങ്ങൾ വന്നില്ലെങ്കിൽ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം, അവർക്ക് സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങാം.

രണ്ടു രീതിയിൽ ക്വാറന്റൈൻ നടപ്പിലാക്കാം. വീട്ടിൽ തന്നെ, ഒരു മുറിയിൽ സ്വയം പരിമിതപെടുത്താം, അല്ലെങ്കിൽ ഒരു ക്വാറന്റൈൻ സ്ഥാപനത്തിൽ ഈ സമയം കഴിച്ചു കൂട്ടാം. സാർസ് രോഗ സമയത്ത്, കാനഡ പോലുള്ള രാജ്യങ്ങൾ രോഗികളുമായി ഇടപഴകിയ, തങ്ങളുടെ പൗരൻമാരോട് സ്വയം വീടുകളിൽ ക്വാറന്റൈൻ ചെയ്യാനാണ് ആവശ്യപ്പെട്ടത്.

എന്നാൽ ചൈനയിലെ രീതി മറ്റൊന്നായിരുന്നു. പൊലീസ് പൂർണമായും നിയന്ത്രണം ഏറ്റെടുത്ത്, കെട്ടിടങ്ങൾക്ക് ചുറ്റും അതിരുകൾ തീർത്തു. റോഡുകളിൽ പൊലീസ് ചെക്ക്പോയിന്റുകളും, വീടുകളിൽ പോലും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കപ്പെട്ടു. സമൂഹത്തിലെ താഴെ തട്ടിൽ ഉള്ളവർക്ക് കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ പൊലീസിന്റെ സഹായത്തോടെ, ക്വാറന്റൈൻ ഭേദിച്ചവർക്ക് വധശിക്ഷയടക്കമുള്ള കടുത്ത ശിക്ഷാനടപടികളാണ് നടപ്പിലാക്കാനൊരുങ്ങിയത്.

ക്വാറന്റൈൻ എന്നത് പലപ്പോഴും മനുഷ്യാവകാശങ്ങളുടെയും പൊതുജനാരോഗ്യ താൽപര്യങ്ങളുടെയും ഇടയിലുള്ള ഒരു നേർത്ത രേഖയാണ്. കടുത്ത നിയന്ത്രണങ്ങൾ പലപ്പോഴും തിരിച്ചടിയാവുമെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. പല രീതിയിൽ ആളുകൾ ഇവ ഭേദിച്ച് ദൂര സ്ഥലങ്ങളിലേക്ക് പലായനം ചെയ്യാൻ ശ്രമിച്ച് രോഗം പടർത്താനിടയുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി ജനങ്ങൾ തമ്മിലാക്രമിക്കേണ്ടി വരും. നിയന്ത്രണങ്ങളുടെ പേരിൽ നടത്തുന്ന ശിക്ഷാനടപടികൾ പലതും കടുത്ത മനുഷ്യാവകാശലംഘനങ്ങളാവും. പ്രിവിലെജുകളില്ലാത്തവർ കൂടുതൽ അടിച്ചമർത്തപ്പെട്ടേക്കാം. ഇതാണ് ജനാധിപത്യ സംവിധാങ്ങളില്ലാത്ത രാജ്യങ്ങളിൽ സംഭവിക്കാറുള്ളത്.

സ്വയം ഏർപ്പെടുത്തുന്ന ഹോം ക്വാറന്റൈനാണ് മികച്ച രീതി. ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നെങ്കിൽ, ആരോഗ്യസംവിധാനത്തെ അറിയിച്ച്, വൈദ്യസഹായം തേടുകയാണ് വേണ്ടത്. ഓരോ വ്യക്തിയും താൻ ജീവിക്കുന്ന സമൂഹത്തിനായി നിറവേറ്റേണ്ട ഉത്തരവാദിത്തമാണ്, ഇങ്ങനെ സ്വയം ഏർപ്പെടുത്തുന്ന നിയന്ത്രണം എന്ന തിരിച്ചറിവാണ് വേണ്ടത്. ചിലപ്പോൾ മെഡിക്കൽ നിരീക്ഷണം വേണ്ട കേന്ദ്രങ്ങളിൽ ക്വാറന്റൈൻ ചെയ്യേണ്ടിവരും. ചില സാഹചര്യങ്ങളിൽ, ഒരു പ്രദേശം മുഴുവൻ നിയന്ത്രിക്കേണ്ടി വന്നേക്കാം. പക്ഷേ അത് സംസ്ഥാനവും പൗരന്മാരും തമ്മിലുള്ള പരസ്പര വിശ്വാസത്തിലും മനുഷ്യത്വത്തിലും അടിസ്ഥാനപ്പെട്ടതാവണം. പൊതുജനാരോഗ്യ നിയമങ്ങളുടെയും നിയമപാലകരുടെയും സഹായം ചിലപ്പോ സ്റ്റേറ്റിന് സ്വീകരിക്കേണ്ടി വന്നേക്കാം. ഇങ്ങനെയുള്ള പ്രദേശങ്ങളിൽ, ഭക്ഷണവും വെള്ളവും, വൈദ്യസഹായവും മറ്റു പ്രാഥമിക സൗകര്യങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇവരുമായി കൃത്യമായ ആശയവിനിമയവും സമയാസമയങ്ങളിൽ അധികാരികൾ നടത്തേണ്ടതുണ്ട്.

ക്വാറന്റൈൻ ചെയ്യപ്പെടുന്നവർ, തൽക്കാലത്തേക്കാണെങ്കിൽ പോലും, വ്യക്തി സ്വാതന്ത്ര്യങ്ങൾ സമൂഹനന്മയ്ക്ക് വേണ്ടി മാറ്റിവയ്ക്കുന്നവരാണ്. അവർ ബഹുമാനവും ആദരവുമാണ് അർഹിക്കുന്നത്, അരക്കില്ലങ്ങളല്ല.

ഇന്നത്തെ നമ്മുടെ സാഹചര്യത്തിൽ, കൊറോണ പടരുന്ന സ്ഥലങ്ങളിൽ നിന്ന് കേരളത്തിലേക്ക് വന്നവർ /വരുന്നവർ രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും സ്വയമൊരു ക്വാറന്റൈൻ സമീപനം സ്വീകരിക്കണമെന്നാണ് പറയാനുള്ളത്. ചിലപ്പോൾ നാട്ടിലേക്ക് വന്നവർക്ക് ഇക്കാര്യങ്ങളിൽ അറിവില്ലായിരിക്കാം. അല്ലെങ്കിൽ അവരത് ഗൗരവപൂർവം കണ്ടിട്ടില്ലായിരിക്കാം. അത്തരം സാഹചര്യങ്ങളിൽ വീട്ടുകാരോ ബന്ധുക്കളോ സുഹൃത്തുക്കളോ അവരോട് കൃത്യമായി കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിക്കേണ്ടതും ക്വാറന്റൈൻ ചെയ്യിക്കേണ്ടതും വളരെ പ്രധാനമാണ്.

നമ്മുടെ വ്യക്തി സ്വാതന്ത്ര്യത്തെക്കാൾ മുകളിലാണ് പൊതുജനാരോഗ്യമെന്നുള്ള ചിന്തയോടെ, അതിന്റെ പ്രാധാന്യം മനസിലാക്കി എല്ലാവരും സഹകരിക്കണം. അതിനുള്ള മാർഗനിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് നേരത്തേ നൽകിയിട്ടുമുണ്ട്. അവ കൃത്യമായി പാലിക്കുക.

English Summary: All about Coronavirus