https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/1/30/jamia-milia-gun-attack.jpg
ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾക്കു നേരെ നിറയൊഴിച്ച വിദ്യാർഥി

സമരക്കാരെ വെടിവച്ചത് വിദ്യാർഥി; വീട്ടിൽ പറഞ്ഞത് സ്കൂളിൽ പോകുന്നെന്ന്

by

ന്യൂഡൽഹി∙ രാജ്ഘട്ടിലേക്കു മാർച്ച് നടത്തിയ ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾക്കു നേരെ നിറയൊഴിച്ചത് പതിനൊന്നാം ക്ലാസ് വിദ്യാർഥി. സ്കൂളിൽ പോകുന്നുവെന്നു പറഞ്ഞാണ് ഇയാൾ വീട്ടിൽനിന്ന് ഇറങ്ങിയതെന്ന് വീട്ടുകാർ പറയുന്നു. വെടിവയ്പ് സംഭവത്തിലെ അക്രമി മകനാണെന്നു തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് ഇയാളുടെ മാതാപിതാക്കളെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ദേ‌ശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദ്യാർഥിയുടെ പിതാവ് ഒരു പുകയിലക്കട നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ് നഗർ ജേവാർ സ്വദേശിയായ 17 കാരനാണ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ വ്യാഴാഴ്ച രാജ്ഘട്ടിലേക്കു മാർച്ച് നടത്തിയ വിദ്യാർഥികൾക്കു നേരേ നിറയൊഴിച്ചത്. ഒരാൾക്കു പരുക്കേൽക്കുകയും ചെയ്തു. 

വിദ്യാർഥി രാവിലെ സ്കൂളിലേക്കെന്നു പറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്. കുടുംബാംഗങ്ങൾ ഒരു വിവാഹത്തിൽ പങ്കെടുക്കാനും പോയി. ഡൽഹിയിലെത്തിയ വിദ്യാർഥി മാർച്ച് നടക്കുന്ന സ്ഥലത്തെത്തി. കറുത്ത ജാക്കറ്റ് ധരിച്ചിരുന്ന ഇയാൾ അതിനുള്ളിലാണ് തോക്ക് ഒളിപ്പിച്ചിരുന്നത്. സമരക്കാർക്കിടയിൽ ക‍ടന്ന ഇയാൾ ഒരു ഫെയ്സ്ബുക് ലൈവും ചെയ്തു. പിന്നെ പെട്ടെന്നു ജാക്കറ്റിനുള്ളിൽ പിസ്റ്റലെടുത്തു. തോക്ക് കണ്ടതോടെ സ്ഥലത്ത് ചെറിയ ബഹളമുണ്ടായി. തുടർന്ന് ഇയാൾ നിറയൊഴിക്കുകയായിരുന്നു. ‘ഇതാ പിടിച്ചോ നിങ്ങളുടെ സ്വാതന്ത്ര്യം’ എന്ന് ആക്രോശിച്ചായിരുന്നു പ്രതി വെടിയുതിർത്തത്. ഷദാബ് ഫാറൂഖ് എന്ന വിദ്യാർഥിയുടെ കൈക്കാണ് വെടിയേറ്റത്. അതിനുപിന്നാലെ മറ്റു സമരക്കാർക്കു നേരേ തോക്കു ചൂണ്ടി ഭീഷണി മുഴക്കി. അപ്പോഴൊക്കെ സ്ഥലത്ത് വൻ പൊലീസ് സംഘവുമുണ്ടായിരുന്നു. അതിനുശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ നാലു ദിവസമായി ഇയാൾ പരസ്പര ബന്ധമില്ലാതെ സംസാരിക്കാറുണ്ടായിരുന്നെന്ന് ഒരു ബന്ധു പറഞ്ഞു. ഒരു പ്രശ്നവുമുണ്ടാക്കാത്ത ഒരു സാധാരണ വിദ്യാർഥിയായിരുന്നു ഇയാളെന്നും ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമുണ്ടായിരുന്നില്ലെന്നുമാണ് വിദ്യാർഥിയുടെ സുഹൃത്തുക്കൾ പറയുന്നത്. അതേസമയം, ഈ വാദങ്ങൾക്കു കടകവിരുദ്ധമായിരുന്നു ഇയാളുടെ ഫെയ്സ്ബുക് പോസ്റ്റുകൾ. അതിൽ പലതിലും വിദ്വേഷപരമായ പരാമർശങ്ങളുണ്ട്. ഇത് വ്യക്തമായതിനെത്തുടർന്ന് ആ അക്കൗണ്ട് ഡിലീറ്റ് ചെയ്തതായി ഫെയ്സ്ബുക് അധികൃതർ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു മാസത്തിലേറെയായി നടക്കുന്ന സമരപരമ്പരകൾക്കിടെ ഇത്തരമൊരു സംഭവം ആദ്യമാണ്. 

English Summary: Delhi Shooter is a student who told family he was going to school