കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ ജനക്കൂട്ടം കല്ലെറിഞ്ഞു കൊന്നു
by മനോരമ ലേഖകൻഫറൂഖാബാദ്∙ പിറന്നാൾ വിരുന്നിനെത്തിയ 20 കുട്ടികളെയും ഏതാനും സ്ത്രീകളെയും തടവിലാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയും കൊല്ലപ്പെട്ടു. കൊലക്കേസ് പ്രതിയായ സുഭാഷ് ബതാമിനെ വധിച്ച് പൊലീസ് ബന്ദികളെ രക്ഷിച്ചതിനു തൊട്ടുപിന്നാലെ ഇയാളുടെ ഭാര്യയെ ജനക്കൂട്ടം കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു.
ക്രൂരമായ ആക്രമത്തിനു ശേഷം തെരുവിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നുവെന്ന് െപാലീസ് പറഞ്ഞു. ഗുരുതര അവസ്ഥയിലായ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടികളെ ബന്ദിയാക്കിയ സംഭവത്തിൽ സുഭാഷിന്റെ ഭാര്യയ്ക്കു പങ്കുണ്ടോയെന്ന് അറിവില്ല.
ഉത്തർപ്രദേശിലെ കതാരിയ ഗ്രാമത്തിൽ വച്ചുനടത്തിയ മകളുടെ പിറന്നാൾ ആഘോഷത്തിനായി കുട്ടികളെയും സ്ത്രീകളെയും ക്ഷണിച്ചുവരുത്തിയ സുഭാഷ് വീടിന്റെ നിലവറയിൽ ഇവരെ തടവിലാക്കുകയായിരുന്നു. 6 മാസം മുതൽ 15 വയസ്സു വരെയുള്ള കുട്ടികളാണ് തടവിലാക്കപ്പെട്ടത്.
പൊലീസിന്റെയും കമാൻഡോകളുടെയും നേതൃത്വത്തിൽ നടന്ന രക്ഷാശ്രമത്തിനൊടുവിലാണ് ഇവരെ മോചിപ്പിച്ചത്. പൊലീസുകാർക്കും പ്രദേശവാസികൾക്കും നേരെ ബതാം വീടിനുള്ളിൽനിന്ന് പലവട്ടം വെടിയുതിർത്തു. ഇയാളുടെ കൈവശം തോക്കും ഗ്രനേഡും ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊലപാതകക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ബതാം പരോളിൽ ഇറങ്ങിയതായിരുന്നു.
English Summary: Wife Of UP Hostage-Taker Stoned To Death Hours After Cops Kill Him