'എം സ്വരാജിന് നന്ദി, പിഴവ് പറ്റിയതില്‍ ഖേദം ചോദിക്കുന്നു'; സിഎച്ചിനെക്കുറിച്ചുള്ള പ്രസംഗത്തില്‍ തിരുത്തുമായി എം എന്‍ കാരശേരി
by വെബ് ഡെസ്ക്കൊച്ചി > മുന്‍മുഖ്യമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഖേദംപ്രകടിപ്പിച്ച് എം എന്‍ കാരശേരി. സി എച്ച് ആദ്യമായി മന്ത്രിയായ കാലത്ത് (1967) ഹൈസ്‌കൂളില്‍ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഫീസിളവ് നടപ്പാക്കി എന്നായിരുന്നു കാരശേരി ഒരു വീഡിയോയില്‍ പറഞ്ഞത്. ഇതോടെ വീഡിയോ വിവാദമാകുകയും ഹിന്ദുത്വ ശക്തികള്‍ വര്‍ഗീയപ്രചരണത്തിനായി ഉപയോഗിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത് തെറ്റാണെന്നും പ്രസ്താവന തിരുത്തണമെന്നും എം സ്വരാജ് എംഎല്‍എ കാരശേരിയോട് ആവശ്യപ്പെടുകയായിരുന്നു. രണ്ടാം ഇഎംഎസ് മന്ത്രിസഭ ജാതി -മത-ലിംഗഭേദമില്ലാതെ എല്ലാ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും ഫീസ് എടുത്തു കളയുകയാണുണ്ടായത്. അന്ന് വിദ്യാഭ്യാസമന്ത്രി സി എച്ച് തന്നെയായിരുന്നു. ഇതിന്റെ ആനുകൂല്യം എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കും ലഭിച്ചിട്ടുണ്ടെന്നും മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വേണ്ടി കൊണ്ടുവന്ന ആനുകൂല്യമായിരുന്നില്ലെന്നും കാരശേരിയെ സ്വരാജ് ഓര്‍മിപ്പിക്കുകയായിരുന്നു.
പിഴവ് പറ്റിയതില്‍ ഖേദിക്കുന്നുവെന്നും, തെറ്റ് തന്റെ ശ്രദ്ധയില്‍കൊണ്ടുവന്ന എം സ്വരാജിനോട് നന്ദിയുണ്ടെന്നും എം എന്‍ കാരശേരി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.