https://www.deshabhimani.com/images/news/large/2019/12/british-835870.jpg

ബ്രിട്ടനിൽ തെരഞ്ഞെടുപ്പിന്‌ ഇനി 3 നാൾ

by

ലണ്ടൻ > അഞ്ച്‌ വർഷം കാലാവധിയുള്ള ബ്രിട്ടീഷ്‌ പാർലമെന്റിലേക്ക്‌ നാലര വർഷത്തിനിടയിലെ മൂന്നാമത്തെ തെരഞ്ഞെടുപ്പ്‌ വ്യാഴാഴ്‌ച നടക്കും. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിന്‌ 2016ൽ ഹിതപരിശോധനയിലൂടെ തീരുമാനിച്ചതിനുശേഷം അത്‌ നടപ്പാക്കുന്നതിലെ പരാജയമാണ്‌ രണ്ടര വർഷത്തിനിടയിലെ രണ്ടാമത്തെ തെരഞ്ഞെടുപ്പിന്‌ കളമൊരുക്കിയത്‌.

യൂറോപ്യൻ യൂണിയനിൽ(ഇയു) നിന്ന്‌ പുറത്തുവരാൻ(ബ്രെക്‌സിറ്റ്‌) ഇയുവുമായി കരാറുണ്ടാക്കാനായില്ലെങ്കിലും ഒക്ടോബർ 31ന്‌ പുറത്തുവരുമെന്ന്‌ ശഠിച്ചുവന്ന പ്രധാനമന്ത്രി ബോറിസ്‌ ജോൺസന്റെ നീക്കം പരാജയപ്പെട്ടതിനെ തുടർന്നാണ്‌ വീണ്ടും തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌. ആദ്യം 2019 മാർച്ച്‌ 29നകം ബ്രെക്‌സിറ്റ്‌ നടപ്പാക്കാൻ തീരുമാനിച്ചത്‌ പിന്നീട്‌ ഏപ്രിലിലേക്കും ഒടുവിൽ ഒക്ടോബർ 31ലേക്കും നീട്ടുകയായിരുന്നു. ബ്രെക്‌സിറ്റ്‌ കരാറിന്‌ പാർലമെന്റിന്റെ അംഗീകാരം വാങ്ങുന്നതിൽ പരാജയപ്പെട്ട തെരേസ മേയ്‌ കഴിഞ്ഞ ജൂലൈയിൽ രാജി വച്ചതിനെ തുടർന്നാണ്‌ ബോറിസ്‌ ജോൺസൺ പ്രധാനമന്ത്രിയായത്‌.

2020 ജനുവരി 31 ആണ്‌ ഇപ്പോഴത്തെ സമയപരിധി. ആ സമയത്തിനകം ബ്രെക്‌സിറ്റ്‌ നടപ്പാക്കും എന്നതാണ്‌ ജോൺസന്റെ പ്രധാന വാഗ്ദാനം. കുടിയേറ്റ വിരുദ്ധ വികാരം മുതലാക്കാൻ ലക്ഷ്യമിട്ടുള്ള ജോൺസന്റെ നീക്കങ്ങൾക്കിടയിലും അദ്ദേഹത്തിന്റെ യാഥാസ്ഥിതിക കക്ഷിയുടെ പിന്തുണ കുറഞ്ഞുവരുന്നതായാണ്‌ ഒടുവിലെ സർവേ ഫലങ്ങളും കാണിക്കുന്നത്‌.

ശനിയാഴ്‌ച പുറത്തുവന്ന നാല്‌ സർവേ ഫലങ്ങളനുസരിച്ച്‌ യാഥാസ്ഥിതിക കക്ഷി പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബർ പാർടിയെക്കാൾ എട്ടുമുതൽ 15 ശതമാനംവരെ മുന്നിലാണെങ്കിലും മുൻ സർവേകളിലേക്കാൾ മുൻതൂക്കം ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. ഇതിൽ ആശങ്കയുണ്ടെന്ന്‌ ജോൺസൻ വ്യക്തമാക്കിയിട്ടുണ്ട്‌.

650 അംഗ പാർലമെന്റിൽ യാഥാസ്ഥിതിക കക്ഷിക്ക്‌ 320 സീറ്റെങ്കിലും ലഭിച്ചാലെ ജോൺസന്‌ പ്രധാനമന്ത്രിയായി തുടരാനാവൂ എന്നാണ്‌ സൂചന. അല്ലെങ്കിൽ മറ്റ്‌ കക്ഷികളുടെ പിന്തുണയോടെ ലേബർ പാർടിയുടെ ജെറമി കോർബിന്‌ സർക്കാരുണ്ടാക്കാൻ അവസരമുണ്ടായേക്കും. സോഷ്യലിസ്‌റ്റ്‌ നേതാവായ കോർബിൻ പ്രധാനമന്ത്രിയാവുന്നത്‌ തടയാൻ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപും പ്രസ്‌താവനകളിലൂടെയും മറ്റും ഇടപെടുന്നുണ്ട്‌.