https://www.doolnews.com/assets/2019/11/dk-shivkumar-1-399x227.jpg

ഡി.കെ ശിവകുമാര്‍ കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക്?; തന്ത്രങ്ങള്‍ പരാജയപ്പെട്ട് സിദ്ധരാമയ്യയും ദിനേശ് ഗുണ്ടുറാവുവും

by

ബെംഗളൂരു: കഴിഞ്ഞ മൂന്നു നാല് വര്‍ഷങ്ങളായി കര്‍ണാടകത്തില്‍ പലപ്പോഴായി ചര്‍ച്ചകള്‍ ഉയര്‍ന്ന കാര്യമാണ് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ഡി.കെ ശിവകുമാറിന്റെ വരവ്. പല സന്ദര്‍ഭങ്ങളിലും അവസാന നിമിഷമാണ് ശിവകുമാറില്‍ നിന്നും അദ്ധ്യക്ഷ സ്ഥാനം മാറിപ്പോയത്. വീണ്ടും ശിവകുമാറിന്റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് സജീവമാവുകയാണ്.

കര്‍ണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി 12 സീറ്റുകളില്‍ ജയം ഉറപ്പിച്ചതോടെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന ദിനേശ് ഗുണ്ടുറാവു രാജിവെച്ചതോടെയാണ് ശിവകുമാറിന്റെ പേര് വീണ്ടും സജീവമായത്. നിയമസഭാ കക്ഷി നേതൃസ്ഥാനവും പ്രതിപക്ഷ നേതാവെന്ന സ്ഥാനവും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും രാജിവെച്ചു.

സംസ്ഥാനത്തെ കോണ്‍ഗ്രസിനെ നയിച്ചിരുന്നത് സിദ്ധരാമയ്യയാണ്. ശിവകുമാറിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള വരവ് പലപ്പോഴും വഴിമുട്ടി നിന്നത് സിദ്ധരാമയ്യയുടെ തീരുമാനത്തിലായിരുന്നു. സിദ്ധരാമയ്യയോട് പോരാടി ശിവകുമാറിന് വേണ്ടി നില്‍ക്കാന്‍ കഴിവുള്ള നേതാക്കള്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഇല്ലായിരുന്നു.

15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിനെ നയിച്ചതും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതും ഏതാണ്ട് സിദ്ധരാമയ്യ ഒറ്റക്കായിരുന്നു. 15ല്‍ രണ്ട് സീറ്റുകളിലൊഴികെ പരാജയം രുചിച്ചതോടെ സിദ്ധരാമയ്യുടെ പ്രഭാവം മങ്ങി. ഇനി സിദ്ധരാമയ്യയ്ക്ക് ഒറ്റക്ക് തീരുമാനങ്ങളെടുക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ മാസ് ലീഡറായ ശിവകുമാറിന്റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് സജീവമായത്.

ഔദ്യോഗിക ഫലപ്രഖ്യാപനം ഇപ്പോഴും വന്നിട്ടില്ല. കോണ്‍ഗ്രസും രണ്ട് സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നു. ജെ.ഡി.എസിന് ഒറ്റ സീറ്റില്‍പ്പോലും വിജയമുറപ്പിക്കാനായിട്ടില്ല.