https://www.manoramaonline.com/content/dam/mm/mo/news/just-in/images/2019/12/9/Yediyurappa.JPG
ബി.എസ്. യെഡിയൂരപ്പ (ചിത്രം: ട്വിറ്റർ)

കർണാടക ബിജെപി = യെഡിയൂരപ്പ; പ്രായപരിധി ബാധകമല്ലാത്ത കരുത്തന്‍

by

ബെംഗളൂരു ∙ ബി.എസ്. യെഡിയൂരപ്പയുടെ രാഷ്ട്രീയഭാവിയിൽ നിർണായകമായിരുന്നു കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം. മിന്നുംവിജയത്തിലൂടെ സംസ്ഥാന സർക്കാരിനെ നിലനിർത്തിയതിനൊപ്പം സംസ്ഥാന രാഷ്ട്രീയത്തിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു യെഡിയൂരപ്പ. ഭരണം നിലനിർത്താൻ ആറു സീറ്റുകളിൽ ജയം അനിവാര്യമായിരിക്കെയാണ് 12 സീറ്റുകളിൽ ജയിച്ച് ആറ് അധിക സീറ്റുകൾ യെഡിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി നേടിയത്.

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2019/12/9/karnataka-bypoll-map-1.jpg

കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങളിലും പാർട്ടിയുടെ കടിഞ്ഞാൺ കൈവശം വയ്ക്കുന്ന മോദി–ഷാ ദ്വയത്തിന് പക്ഷെ കർണാടകയിൽ ഇപ്പോഴും അത് സാധിച്ചിട്ടില്ല. പദവികൾ വഹിക്കുന്നതിന് മോദി–ഷാ കൂട്ടുകെട്ട് നിർണയിച്ച 75 വയസ് പ്രായപരിധി മറികടന്നാണ് 76–കാരനായ യെഡിയൂരപ്പ മുഖ്യമന്ത്രിക്കസേരയിൽ തുടരുന്നത്. മറ്റു പല പ്രമുഖ നേതാക്കൾക്കും പ്രായപരിധി ബാധകമായപ്പോൾ ദേശീയ നേതൃത്വം കരുത്തനായ ലിംഗായത്ത് നേതാവിനെ അതിൽ നിന്ന് ഒഴിവാക്കുന്നത് സംസ്ഥാനഘടകത്തിൽ‌ യെഡിയൂരപ്പയുടെ സാന്നിധ്യം എത്രവലുതാണെന്ന തിരിച്ചറിവാണ്.

ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ആദ്യമായി ബിജെപി സർക്കാർ ഭരണത്തിലെത്തിയത് യെഡിയൂരപ്പയുടെ നേതൃത്വത്തിലാണ്. പ്രായപരിധി ചൂണ്ടികാട്ടി യെഡിയൂരപ്പയെ ഒഴിവാക്കിയാൽ ഇത്രയേറെ സ്വാധീനവുള്ള നേതാവ് സംസ്ഥാനത്ത് ബിജെപിക്കില്ലെന്നും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ദേശീയ നേതൃത്വം തിരിച്ചറിയുന്നു. യെഡിയൂരപ്പയുഗം കഴിഞ്ഞാൽ സംസ്ഥാനത്ത് ബിജെപിക്ക് പകരം വയ്ക്കാവുന്ന നേതാവില്ലെന്നും അത് കോൺഗ്രസിന് അനുകൂല ഘടകമാണെന്നും കഴിഞ്ഞ ദിവസം ഒരു മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കിയതും ശ്രദ്ധേയമാണ്. 

കർണാടകയിലെ ജാതി രാഷ്ട്രീയമാണ് യെഡിയൂരപ്പയുടെ തുറുപ്പുചീട്ട്. ലിംഗായത്ത് വോട്ടുകൾ യെഡിയൂരപ്പയ്ക്കു പിന്നിൽ അണിനിരക്കുമ്പോൾ ദേശീയ നേതൃത്വത്തിനും അദ്ദേഹത്തിന്റെ നിലപാടുകൾക്കു വഴങ്ങേണ്ടി വരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ ദേശീയ നേതൃത്വം കാര്യമായ ഇടപെടൽ നടത്താൻ മടിക്കുന്നതും ഇതുകൊണ്ടുതന്നെയാണ്. ഇടക്കാലത്ത് നേതൃത്വവുമായി ഇടഞ്ഞ് പാർട്ടിവിട്ട അദ്ദേഹം, താനില്ലെങ്കിൽ സംസ്ഥാനത്ത് ബിജെപി ഒന്നുമല്ലെന്ന് തെളിയിച്ചു. ഇതോടെ യെഡിയൂരപ്പയുടെ സ്വാധീനം വ്യക്തമായ പാർട്ടി നേതൃത്വം, അദ്ദേഹത്തെ പാർട്ടിയിലേക്കു മടക്കിക്കൊണ്ടുവരാൻ നിർബന്ധിതരാകുകയായിരുന്നു.

മുഖ്യമന്ത്രി പദമെന്ന യെഡിയൂരപ്പയുടെ മോഹം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ നാടകങ്ങൾക്ക് വഴിവച്ചപ്പോൾ കേന്ദ്രനേതൃത്വം പിന്തുണച്ച് കൂടെനിന്നത്, ഭരണം ഉറപ്പിക്കുകയെന്നതിനൊപ്പം തന്നെ യെഡിയൂരപ്പയുടെ തീരുമാനങ്ങൾക്ക് ഒപ്പംനിൽക്കുകയെന്നതു കൂടി കണക്കിലെടുത്താണ്. കർണാടകയിൽ ബിജെപിയെന്നാൽ യെഡിയൂരപ്പയാണ് എന്ന് ദേശീയ നേതൃത്വം തിരിച്ചറിയുന്നു. 

English Summary: Yediyurappa's Victory Sends Clear Signal To Shah-Modi Too