https://janamtv.com/wp-content/uploads/2019/08/nedumbassery.jpg

നെടുമ്പാശേരി വഴിയുള്ള കള്ളക്കടത്ത്; ഒരു മാസത്തിനിടെ പിടികൂടിയത് അഞ്ചരക്കോടിയുടെ സ്വര്‍ണവും ഒരു കോടിയിലധികം രൂപയുടെ വിദേശ കറന്‍സികളും

by

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കണക്കുകള്‍ പുറത്തുവിട്ട് ഇന്റലിജന്‍സ്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം അഞ്ചരക്കോടിയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഇതിനു പുറമെ ഒരു കോടിയലധികം രൂപയുടെ വിദേശ കറന്‍സികളും പിടികൂടിയിട്ടുണ്ട്.

22 കേസുകളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നിന്നും 15.2 കിലോ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്. വിദേശ കറന്‍സികളുമായി വിമാനത്താവളത്തിലെത്തിയവര്‍ക്കെതിരെ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1.14 കോടി രൂപ മൂല്യമുള്ള വിദേശ കറന്‍സികളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ പിടിച്ചെടുത്തത്. 20 ലക്ഷം രൂപ വിലമതിക്കുന്ന 526 കാര്‍ട്ടണ്‍ സിഗരറ്റും കസ്റ്റംസ് പിടികൂടിയിരുന്നു.

രണ്ട് ദിവസം മുന്‍പാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അനധികൃതമായി ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ഇവരില്‍ നിന്നും 3.750 കിലോ സ്വര്‍ണം കണ്ടെടുത്തിരുന്നു.

മൂന്നേകാല്‍ കിലോ സ്വര്‍ണം മലപ്പുറം സ്വദേശിയില്‍ നിന്നും അരകിലോ സ്വര്‍ണം കോഴിക്കോട് സ്വദേശിയില്‍ നിന്നുമാണ് അധികൃതര്‍ പിടിച്ചെടുത്തത്. സ്വര്‍ണം മിശ്രിത രൂപത്തില്‍ ആക്കി കാലില്‍ കെട്ടിവെച്ച നിലയിലായിരുന്നു. മറ്റൊരു സംഭവത്തില്‍ മലപ്പുറം സ്വദേശിയുടെ കയ്യില്‍ നിന്നും 35 ലക്ഷം രൂപയുടെ സ്വര്‍ണവും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയിരുന്നു.