മലപ്പുറത്ത് അദ്ധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്; അനാവശ്യ ഇടപെടൽ നടത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
by Janam TV Web Deskമലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് കോളേജ് അദ്ധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കേസില്‍ അനാവശ്യ ഇടപെടല്‍ നടത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കുറ്റിപ്പുറം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുലൈമാനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.
കുറ്റിപ്പുറത്തെ കോളേജില്‍ അദ്ധ്യാപികയായ യുവതിയെ പൊന്നാനിയിലെ കോളേജില്‍ അദ്ധ്യാപകനായിരുന്ന യുവാവാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞ യുവാവ് രഹസ്യ ക്യാമറയില്‍ പകര്‍ത്തിയ യുവതിയുടെ നഗ്‌ന ചിത്രങ്ങളും ഒപ്പം ഫോണ്‍ നമ്പറും മേല്‍വിലാസവുമുള്‍പ്പെടെ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. എന്നാല്‍ പ്രതിക്കെതിരെ തെളിവുകളില്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും പരാതിക്കാരിയോട് സുലൈമാന്‍ പറഞ്ഞതായാണ് കണ്ടെത്തിയിരിക്കുന്നത്.
സുന്ദരിയായ പെണ്‍കുട്ടിക്ക് ആണ്‍ തുണയില്ലാതെ എത്ര കാലം ജീവിക്കാനാകുമെന്നും സുലൈമാന്‍ പെണ്‍കുട്ടിയോട് ചോദിച്ചതായും പരാതിയുണ്ട്. നേരത്തെ, കുറ്റിപ്പുറം പോലീസില്‍ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം എസ്പിക്ക് യുവതി പരാതി നല്‍കിയിരുന്നു. വിദേശത്തേക്ക് കടന്ന പ്രതി മുഹമ്മദ് ഹാഫിസ് ഇപ്പോള്‍ അജ്മാനിലെ വസ്ത്ര നിര്‍മ്മാണ യൂണിറ്റിലെ അഡ്മിനിസ്ട്രേഷന്‍ മാനേജരാണെന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്.