https://janamtv.com/wp-content/uploads/2019/12/oyc-tear.jpg

പാര്‍ലമെന്റിനെ അധിക്ഷേപിച്ച് ഒവൈസി; ദേശീയ പൗരത്വ ഭേദഗതി ബില്ല് കീറി എറിഞ്ഞു.

by

ന്യൂഡല്‍ഹി : പാര്‍ലമെന്റില്‍ ദേശീയ പൗരത്വ ബില്ല് കീറി എറിഞ്ഞ് എഐഎംഐഎം നേതാവ് ഒവൈസി. ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഒവൈസി ബില്ല് കീറി എറിഞ്ഞത്. ബില്ല് കീറി കളഞ്ഞതിലൂടെ താനും മഹാത്മാ ഗാന്ധിയുടെ പാത പിന്തുടരുകയാണെന്നും ഒവൈസി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

മുസ്ലീംവിഭാഗത്തെ രാജ്യമില്ലാത്തവരാക്കി മാറ്റുകയാണ് ബില്ലിന്റെ ലക്ഷ്യം. അതുകൊണ്ടാണ് ബില്ല് കീറി എറിഞ്ഞത്. ആഫ്രിക്കയിലെ പൗരത്വ രജിസ്റ്റര്‍ മഹാത്മാ ഗാന്ധിയും കീറി എറിഞ്ഞിരുന്നു. ദേശീയ പൗരത്വ ഭേദഗതി ബില്ലിന്റെ കാര്യത്തില്‍ താനും അങ്ങിനെയാണ് ചെയ്യേണ്ടതെന്നും തന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ച് ഒവൈസി പറഞ്ഞു.

പൗരത്വ ഭേദതഗതി ബില്ല് കീറി എറിഞ്ഞതിലൂടെ പാര്‍ലമെന്റിനെ അധിക്ഷേപിക്കുകയാണ് ഒവൈസി ചെയ്തതെന്ന് എംപിമാര്‍ പറഞ്ഞു. ഇതിന് പുറമേ ഒവൈസിയുടെ പാര്‍ലമെന്റിലെ സംസാരം വര്‍ഗീയത വളര്‍ത്തുന്നതും പ്രകോപനപരവുമായിരുന്നു എന്നും എംപിമാര്‍ ആരോപിച്ചു.

ദേശീയ പൗരത്വ ഭേദഗതി ബില്ല് അവതരണത്തെ 293 പേര്‍ അനുകൂലിച്ചപ്പോള്‍ 82 പേരാണ് എതിര്‍ത്തത്. ഇതില്‍ ഒവൈസിയും ഉണ്ടായിരുന്നു. ഇതിന് മുന്‍പും രാജ്യ താത്പര്യത്തിന് എതിരായ നിലപാടുകളാണ് ഒവൈസി സ്വീകരിച്ചിട്ടുള്ളത്. ഇതിനെതിരെ മുസ്ലീം സമുദായത്തില്‍ നിന്നുതന്നെ ഒവൈസിയ്ക്ക് എതിര്‍പ്പുകളും ഉണ്ടായിട്ടുണ്ട്.

അയോദ്ധ്യ വിധിക്കെതിരെ ഒവൈസി നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. മുസ്ലീങ്ങള്‍ക്ക് ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും അയോധ്യയില്‍ 5 ഏക്കര്‍ ഭൂമി വാങ്ങാന്‍ മുസ്ലീങ്ങള്‍ വിചാരിച്ചാല്‍ സാധിക്കുമെന്നുമായിരുന്നു ഒവൈസി വിധിയ്‌ക്കെതിരെ പ്രതികരിച്ചത്. ഇതിന് പിന്നാലെ ഒവൈസി മുസ്ലീങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ആരോപിച്ച് മുസ്ലീം സമുദായ സംഘടനകളും രംഗത്തെത്തിയിരുന്നു.