പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ആവുന്നതും ചെയ്യും: ഷെയ്ന്‍ വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി എകെ ബാലന്‍

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356977/ak-balan.jpg

തിരുവനന്തപുരം: ഷെയ്ന്‍ നിഗം പ്രശ്‌നത്തില്‍ രണ്ട് കൂട്ടരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാരിന് ചെയ്യാനാവുന്നത് ചെയ്യുമെന്ന് മന്ത്രി എ.കെ ബാലന്‍. രണ്ട് പേരും രണ്ട് ധ്രുവത്തിലിരുന്ന് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാതെ മുന്നോട്ട് പോകുന്നതായിരിക്കും നല്ലതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏതെങ്കിലും ഭാഗം പിടിക്കുന്ന സമീപനം സര്‍ക്കാരിനില്ല. അമ്മ തന്നെ പരിഹരിക്കേണ്ട പ്രശ്‌നമാണ്. വിലക്കുണ്ടെല്‍ അമ്മയ്ക്ക് തന്നെ ഇടപെടാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രൊഡ്യൂസേഴ്‌സ്മാരുമായുള്ള തര്‍ക്കത്തില്‍ ഷെയ്ന്‍ നിഗവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്റെ ഭാഗം കേള്‍ക്കാതെയാണ് നടപടിയെടുത്തത്. ജോബി ജോര്‍ജിന്റെ പത്ര സമ്മേളനം വല്ലാതെ വിഷമിപ്പിച്ചു. ഉറങ്ങാന്‍ പോലും സമയം കിട്ടാത്തവിധം അധ്വാനിക്കുന്നുണ്ട്. ഇനിയും അവരുമായി സഹകരിക്കാം. 45 ദിവസമായിരുന്നു വെയിലുമായി ബന്ധപ്പെട്ട് ഉടമ്പടിയില്‍ ഉണ്ടായിരുന്നത്.' എന്നെല്ലാമാണ് ഷെയ്ന്‍ നിഗം ബോധിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.

ചിത്രവുമായി ബന്ധപ്പെട്ട ഉടമ്പടിയുടെ കോപ്പി ഷെയ്ന്‍ കാണിച്ചിരുന്നുവെന്നും സിനിമാ വ്യവസായം പ്രതിസന്ധിയിലാവാതെ മുന്നോട്ടു പോവേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.