ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന വിശേഷണം ഇനി സനാ മാരിന്
by Ruhasina J Rഫിൻലാൻഡ്: യൂറോപ്യന്‍ രാജ്യമായ ഫിന്‍ലാന്‍ഡിന്റെ മുഖമാകുകയാണ് സനാ മാരിന്‍. രാഷ്ട്രീയ രംഗത്ത് പുതുമുഖമൊന്നുമല്ലെങ്കിലും ഇന്ന് മാരിനെ തേടി ഒരു പുതുമയുള്ള റെക്കോര്‍ഡ് എത്തുകയാണ്. വേറൊന്നുമല്ല, ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന വിശേഷണം ഇനി സനാ മാരിന് സ്വന്തമായിരിക്കും. 34 കാരിയായ സനാ മാരിന്‍ ഈ ആഴ്ച അവസാനമായിരിക്കും ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.
ആന്റി റിന്നെ രാജിവച്ചതിനു പിന്നാലെയാണ് രാജ്യത്തെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഗതാഗത മന്ത്രിയായിരുന്ന മാരിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. ഈ ആഴ്ച അവസാനമായിരിക്കും സത്യപ്രതിജ്ഞ. അഞ്ച് പാർട്ടികള്‍ അടങ്ങുന്ന സഖ്യത്തിന്റെ പിന്തുണയാണ് സനാ മാരിനുള്ളത്. “വിശ്വാസം തിരിച്ചുപിടിക്കാന്‍ ഞങ്ങൾക്ക് വളരെയധികം ജോലികൾ ചെയ്യാനുണ്ട്,” ഞായറാഴ്ച പ്രധാനമന്ത്രി സ്ഥാനാർഥി വോട്ടെടുപ്പിന് ശേഷം മാരിന്‍ പറഞ്ഞു.
“എന്റെ പ്രായത്തെക്കുറിച്ചോ ലിംഗഭേദത്തെക്കുറിച്ചോ ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല, ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചതിന്റെ കാരണങ്ങളെക്കുറിച്ചും വോട്ടർമാരുടെ വിശ്വാസം നേടിയ കാര്യങ്ങളെക്കുറിച്ചുമാണ് ചിന്തിക്കുന്നത്.” മാരിൻ പറഞ്ഞു. രാജ്യത്തെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാകുകയാണ് സനാ മാരിന്‍. 35 ാം വയസില്‍ യുക്രേനിയൻ പ്രധാനമന്ത്രിയായ ഒലെക്‌സി ഹോഞ്ചുറൂക്കും 39 ാം വയസില്‍ ന്യൂസിലൻഡ് പ്രധാനമന്ത്രിയായ ജസീന്ദ ആഡേണുമായിരുന്നു ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിമാര്‍.
ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പില്‍ സോഷ്യൽ ഡെമോക്രാറ്റുകൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നിരുന്നു. രാജ്യത്ത് തുടരുന്ന പണിമുടക്കുകൾ കൈകാര്യം ചെയ്ത രീതിയുടെ പശ്ചാത്തലത്തില്‍ റിന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി സഖ്യത്തിലെ പാർട്ടികള്‍ പറഞ്ഞതിനെ തുടർന്നാണ് മാരിന് നറുക്ക് വീണത്.