കണ്ണൂരില്‍ പൈലറ്റ് ട്രെയിനിംഗ് അക്കാദമി; ആദ്യ വാര്‍ഷികം പദ്ധതികളുടെ ആഘോഷമാക്കി കണ്ണൂര്‍ വിമാനത്താവളം

by

സി കെ എ ജബ്ബാര്‍

കണ്ണൂര്‍: (www.kvartha.com 09.12.2019) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പദ്ധതികളുടെ ഉദ്ഘാടന ഘോഷം. വിമാനത്താവളത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തോടെയാണ് ഒന്നാം വാര്‍ഷികാഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. കണ്ണൂരിലെയും പരിസരപ്രദേശങ്ങളിലെയും അനാഥാലയങ്ങളില്‍ കഴിയുന്ന 74 കുട്ടികള്‍ക്ക് 40 മിനിറ്റോളം നീണ്ടുനിന്ന സൗജന്യ വിമാനയാത്രയും ഉണ്ടായിരുന്നു.

https://1.bp.blogspot.com/-2ONzaLwZlr8/Xe55aBBv5XI/AAAAAAAAZ4E/lH5Fgmdp6GMPFX8MxyFbS8470zxxSJlXACLcBGAsYHQ/s1600/Airport-magazine-launch-2.jpg

രാജീവ് ഗാന്ധി അക്കാദമി ഫോര്‍ എവിയേഷന്‍ ടെക്നോളജിയുടെ പൈലറ്റ് ട്രെയിനിംഗ് അക്കാദമി കണ്ണൂര്‍ വിമാനത്താവളത്തില്‍ തുടങ്ങുവാനുള്ള പദ്ധതികള്‍ക്ക് അന്തിമ രൂപരേഖ തയ്യാറായതായി ചടങ്ങില്‍ പ്രഖ്യാപിക്കപ്പെട്ടു. അനുബന്ധമായി സര്‍ട്ടിഫൈഡ് പൈലറ്റ് ലൈസന്‍സ് (സിപിഎല്‍) ലഭിക്കുവാനുള്ള പരിശീലനം കണ്ണൂര്‍ വിമാനത്താവളത്തില്‍ തുടങ്ങും. മുന്ന് സിംഗിള്‍ എഞ്ചിന്‍ വിമാനങ്ങള്‍ ട്രെയിനിംഗിന്റെ ഭാഗമായി കണ്ണൂരില്‍ എത്തി. പരിശീലനത്തിനായി 200 മണിക്കൂര്‍ പറക്കണം എന്നതാണ് മാനദണ്ഡം. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് അഞ്ച് മണിക്കൂര്‍ വീതം പരിശീലനപ്പറക്കല്‍ നടത്തും. ഇത് വഴി ട്രെയിനിംഗിലൂടെ കുട്ടികള്‍ക്ക് എളുപ്പത്തില്‍ പരിശീലനം പൂര്‍ത്തിയാക്കാം.

പദ്ധതിയുടെ ഔപചാരിക ഫ്ളാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മന്ത്രിമാരായ ഇ പി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ കെ ശൈലജ ടീച്ചര്‍, കിയാല്‍ എം ഡി വി തുളസിദാസ് തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഒപ്പം രാജീവ് ഗാന്ധി അക്കാദമി ഫോര്‍ എവിയേഷന്‍ ടെക്നോളജിയിലെ ചീഫ് ഫ്ളൈയിംഗ് ഇന്‍സ്ട്രക്ടര്‍ ക്യാപ്റ്റന്‍ മല്ലികാര്‍ജ്ജുന്‍, ഡെപ്യൂട്ടി ചീഫ് ഫ്ളൈയിംഗ് ഇന്‍സ്ട്രക്ടര്‍ ക്യാപ്റ്റന്‍ രാജേന്ദ്രന്‍, ചീഫ് എഞ്ചിനീയര്‍ രതീഷ് തുടങ്ങിയവരും 11 വിദ്യാര്‍ത്ഥികളും ഫ്ളാഗ്ഓഫില്‍ പങ്കെടുത്തു.

കണ്ണൂര്‍ എയര്‍പോര്‍ട്ട് ആര്‍ട്ട് ഗാലറിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കണ്ണൂരിലെയും പരിസരങ്ങളിലെയും പ്രഗത്ഭരായ കലാകാരന്മാരുടെ ചിത്രങ്ങളും കരകൗശലവസ്തുക്കളും ഉള്‍ക്കൊള്ളിച്ചുള്ളതാണ് ആര്‍ട്ട് ഗാലറി. മൂന്ന് മാസത്തിനുള്ളില്‍ ചിത്രങ്ങളും കരകൗശലവസ്തുക്കളും സന്ദര്‍ശകര്‍ക്ക് വാങ്ങാന്‍ കഴിയുന്ന തരത്തില്‍ ആര്‍ട്ട് ഗാലറി പുന:ക്രമീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള വിഐപി. ലോഞ്ചാണ് ഒന്നാം വാര്‍ഷികത്തിന്റെ മറ്റൊരു സവിശേഷത. കേരള വിസിറ്റേഴ്സ് സെന്ററിന്റെ ഉദ്ഘാടനവും നടന്നു. വിനോദസഞ്ചാരികള്‍ക്ക് ഉത്തരമലബാറിനെപ്പറ്റി വിവരങ്ങള്‍ നല്‍കാനും മറ്റ് സഹായങ്ങള്‍ക്കുമായി ഒരുക്കിയ സ്റ്റാളുകളാണ് കേരള വിസിറ്റേഴ്സ് സെന്റര്‍.

ടൂറിസം ജോയിന്റ് ഡയറക്ടര്‍ അനിതകുമാരിയും ചടങ്ങില്‍ പങ്കെടുത്തു. ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ എയര്‍പോര്‍ട്ട് നടപ്പിലാക്കുന്ന 'ഫ്രീ വൈഫെ' പദ്ധതിക്കും തുടക്കമായി. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ മിഗ്-27 എന്‍ക്രാഫ്റ്റിന്റെ അനാച്ഛാദനവും നടന്നു. സോവനീറിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. എയര്‍ മാര്‍ഷല്‍ അമിത് തിവാരി വിശിഷ്ടാതിഥിയായിരുന്നു. കണ്ണൂരില്‍ കാര്‍ഗോ സര്‍വീസുകള്‍ ഉടന്‍തന്നെ പ്രവര്‍ത്തനസജ്ജമാകുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

https://1.bp.blogspot.com/-fmK23Q55_Co/Xe55Z7aCPLI/AAAAAAAAZ4A/eSd0TmAX2eQ68sqUivYCKVBelA0Ez9QhACLcBGAsYHQ/s1600/Airport-magazine-launch-%25281%2529.jpg

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kannur Airport, Anniversary, Chief Minister, Pinarayi vijayan, Pilot, Visitors, Kannur airport to celebrate first anniversary