ആകാശ യാത്രയുടെ ആരവവുമായി അനാഥ മക്കള്‍

by

സി കെ എ ജബ്ബാര്‍

കണ്ണൂര്‍: (www.kvartha.com 09.12.2019) ജീവിതത്തില്‍ ഒരിക്കലെങ്കിലും കൊതിച്ചുപോയ ആഗ്രഹം അവര്‍ക്ക് പൂവണിഞ്ഞു. ഒക്കെയൊരു സ്വപ്‌നംപോലെയായിരുന്നു. മേഘങ്ങളെ കീറിമുറിച്ച് പകല്‍ സൂര്യനെ അരികിലാക്കി ഭൂമിയുടെ പച്ചപ്പ് ആകാശത്തിരുന്ന് കണ്ട് ഉല്ലാസ യാത്ര. ഒപ്പം വിമാനത്തിനുള്ളില്‍ മജീഷ്യന്‍ മുതുകാട് അവരെ മാന്ത്രിക ലോകത്തേക്കാനയിച്ചു.

വിവിധ അനാഥാലയങ്ങളിലെ 74 കുട്ടികള്‍ക്കാണ് കണ്ണൂര്‍ വിമാനത്താവള വാര്‍ഷികത്തില്‍ 40 മിനിറ്റോളം സൗജന്യ വിമാന യാത്ര ഒരുക്കിയത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഇന്‍ഡിഗോ എയര്‍ലൈന്‍സുമായി സഹകരിച്ചാണ് വിമാനയാത്ര നടത്തിയത്.

കാസിനോ എയര്‍ കേറ്ററേഴ്‌സ് ആന്‍ഡ് ഫ്ളൈറ്റ് സര്‍വീസസ് യാത്രികര്‍ക്കാവശ്യമായ ഭക്ഷണം നല്‍കി. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഫ്‌ളീറ്റ് സൂപ്പര്‍വൈസര്‍ ക്യാപ്റ്റന്‍ പങ്കജ് കൊടിമേല, എയര്‍പോര്‍ട്ട് മാനേജര്‍ ചാള്‍സ് മാത്യു എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി. കുട്ടികളുടെ ഇഷ്ടതാരം ഗോപിനാഥ് മുതുകാടും കുട്ടികളോടൊപ്പം ഉണ്ടായിരുന്നു.

വിമാനത്താവളത്തിന്റെ ആഘോഷ പരിപാടികളില്‍ ഏറ്റവും ഇഷ്ടം തോന്നിയ പരിപാടി ഇതാണെന്ന് മുതുകാട് പറഞ്ഞു. കണ്ണൂര്‍ സ്വാന്തനഭവന്‍, പാലോട്ടുപള്ളി നൂറുല്‍ ഇസ്ലാം സഭാ മഹല്ല് മുസ്ലിം ജമാഅത്ത്, ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം, സച്ചിതാനന്ദ ബാലമന്ദിരം എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ് ഈ സൗഭാഗ്യം ലഭിച്ചത്.

https://1.bp.blogspot.com/-KmnBPqSu8SU/Xe587rnmvyI/AAAAAAAAZ4U/HKppwdtsMZcslBhshGra_V4KY9NiWBr3wCLcBGAsYHQ/s1600/orphans.jpg

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kannur Airport, Flight, Orphans, Airlines, Anniversary, Orphaned children with the sound of aerial travel