സഞ്ജുവിനായി ആര്‍പ്പുവിളിച്ച കാണികളോട് ചൂടായി കോഹ്‌ലി
ക്യാച്ച് കൈവിട്ട ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ പരിഹസിച്ചതും സഞ്ജുവിനായി ആര്‍പ്പുവിളിച്ചതുമാണ് വിരാടിനെ പ്രകോപിപ്പിച്ചത്
by Web Deskവെസ്റ്റ് ഇന്‍ഡീസിനെതിരെ കാര്യവട്ടത്ത് നടന്ന രണ്ടാം ടി20യിലും മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. സ്വന്തം നാട്ടില്‍ കാണികള്‍ സഞ്ജുവിനായി ആര്‍പുവിളിച്ച കാണികളോട് പ്രകോപിതനായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പ്രതികരിച്ചത്. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു കാണികളോട് കോഹ്‌ലി ചൂടായത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിനിടെ ക്യാച്ച് കൈവിട്ട ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ പരിഹസിച്ചതും സഞ്ജുവിനായി ആര്‍പ്പുവിളിച്ചതുമാണ് വിരാടിനെ പ്രകോപിപ്പിച്ചത്. പന്ത് ക്യാച്ച് വിട്ടപ്പോള്‍ 'സഞ്ജു, സഞ്ജു' എന്ന് ആരാധകര്‍ ആര്‍ത്തുവിളിച്ചു. ഇതോടെ കാണികള്‍ക്ക് നേരെ തിരിഞ്ഞ് എന്തായിത് എന്ന രീതിയില്‍ കൈ കൊണ്ട് ആംഗ്യം കാണിക്കുകയായിരുന്നു.
ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ നാലാം ഓവറിലാണ് ഇന്ത്യന്‍ താരങ്ങള്‍ രണ്ട് ക്യാച്ചുകള്‍ കൈവിട്ടത്. ലെന്‍ഡ്ല്‍ സിമ്മണ്‍സ് നല്‍കിയ ഒന്നാന്തരം അവസരം വാഷിങ്ടണ്‍ സുന്ദര്‍ പാഴാക്കി. പിന്നാലെ ഓവറില്‍ എവിന്‍ ലൂയിസ് നല്‍കിയ അവസരം ഋഷഭ് പന്ത് ഒരു ഡൈവിംങ് ക്യാച്ചിനുള്ള അവസരവും നഷ്ടപ്പെടുത്തി. ഇതോടെ സ്വന്തം കാണികളില്‍ വലിയൊരു വിഭാഗം 'സഞ്ജു, സഞ്ജു' എന്നു വിളിച്ചു. അപ്പോഴാണ് കോഹ്‌ലി ചൂടായതും അനിഷ്ടം പ്രകടിപ്പിച്ചതും.
നേരത്തെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലും ടീമിലുണ്ടായിരുന്നെങ്കിലും സഞ്ജുവിന് പ്രതിഭകള്‍ വരി നില്‍ക്കുന്ന ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. തുടര്‍ന്നുള്ള വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ടി20 ടീമില്‍ നിന്നും സഞ്ജു പുറത്തായത് വലിയ വിമര്‍ശങ്ങള്‍ക്കിടയാക്കി. എന്നാല്‍ ഓപണര്‍ ധവാന് പരിക്കേറ്റതോടെ സഞ്ജുവിനെ ടീമിലേക്ക് വിളിക്കുകയായിരുന്നു. എന്നാല്‍ ആദ്യ രണ്ട് ടി20കളിലും സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചില്ല. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഓരോ മത്സരം ജയിച്ചതിനാല്‍ നിര്‍ണ്ണായകമായ മൂന്നാം ടി20യിലും സഞ്ജു ടീമിലെത്താന്‍ സാധ്യത കുറവാണ്.