എസ്ബിഐയ്ക്ക് ഇനി പുതിയ ഡെബിറ്റ് കാർഡ്; ഉടൻ അപേക്ഷിക്കണമെന്ന് ബാങ്ക്
by മനോരമ ലേഖകൻന്യൂഡൽഹി∙ ഉപഭോക്താക്കൾ എത്രയും പെട്ടെന്ന് മാഗ്നെറ്റിക് സ്ട്രിപ്പ് കാർഡിനു (മാഗ്സ്ട്രിപ്) പകരം പുതിയ കാർഡിന് അപേക്ഷ നൽകണമെന്ന് എസ്ബിഐ. കൂടുതൽ സുരക്ഷിതമായ ഇഎംവി (യൂറോപെ, മാസ്റ്റർകാർഡ്, വീസ) ചിപ്പ്, പിന്‍ കാർഡുകൾ സൗജന്യമായി ലഭിക്കുന്നതിന് ഡിസംബർ 31 ന് മുൻപ് അപേക്ഷിക്കണമെന്നാണു ബാങ്കിന്റെ നിര്‍ദേശം. ഉപഭോക്താക്കൾ അവരുടെ ഹോം ബ്രാഞ്ചുമായി ബന്ധപ്പെടണമെന്നും ട്വിറ്ററിലൂടെ ബാങ്ക് അറിയിച്ചു.
ഡിസംബർ 31ന് അകം പുതിയ കാർഡിന് അപേക്ഷ നൽകിയില്ലെങ്കിൽ നിലവിലെ മാഗ്സ്ട്രിപ് കാർഡുകൾ പ്രവർത്തന രഹിതമാകുമെന്നും ബാങ്ക് മുന്നറിയിപ്പു നൽകുന്നു. കഴിഞ്ഞ വർഷമാണ് മാഗ്സ്ട്രിപ്പ് കാർഡുകളില്‍നിന്ന് പുതിയ സംവിധാനത്തിലേക്കു മാറാൻ റിസർവ് ബാങ്ക് രാജ്യത്തെ വാണിജ്യ ബാങ്കുകൾക്കു നിര്‍ദേശം നല്‍കിയത്. ഓൺലൈൻ ഇടപാടുകളിലെ സുരക്ഷയും തട്ടിപ്പുകൾ ചെറുക്കുമെന്നതുമാണ് പുതിയ കാർഡുകളുടെ മേന്മയായി എസ്ബിഐ ചൂണ്ടിക്കാട്ടുന്നത്.
എന്താണ് ഇഎംവി?
മാഗ്നറ്റിക് സ്ട്രിപ്പുകൾക്കു പകരം ഇഎംവി കാർഡുകളിൽ വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നത് ചിപ്പുകളിലാണ്. കാർഡുകളിലെ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനുള്ള സുരക്ഷാ നിലവാരമാണ് ഇഎംവി എന്നത്. യൂറോപെ, മാസ്റ്റർ കാർഡ്, വീസ എന്നിവയുടെ ചുരുക്കെഴുത്താണു ഇഎംവി. ഈ മൂന്ന് കമ്പനികളുമാണ് ഇഎംവിയുമായി ആദ്യം രംഗത്തെത്തിയത്. ഇഎംവി ക്രെഡിറ്റ് കാർഡ് സാങ്കേതിക വിദ്യ രണ്ടു തരത്തിലാണുള്ളത് – ചിപ്പ് ആൻഡ് സിഗ്നേച്ചറും ചിപ്പ് ആൻഡ് പിന്നും.
English Summary: SBI to deactivate Magnetic Stripe Debit Cards by December 31