https://img-mm.manoramaonline.com/content/dam/mm/mo/sports/cricket/images/2019/12/9/pant-kohli.jpg
ഋഷഭ് പന്ത് ക്യാച്ച് കൈവിട്ടപ്പോൾ. ക്യാപ്റ്റൻ കോലിയുടെ പ്രതികരണമാണ് രണ്ടാം ചിത്രത്തിൽ.

പന്ത് ക്യാച്ച് വിട്ടപ്പോൾ സഞ്ജുവിന്റെ പേരിൽ ബഹളം; കാര്യവട്ടത്തും ക്ഷോഭിച്ച് കോലി

by

തിരുവനന്തപുരം∙ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20ക്കിടെ ക്യാച്ച് കൈവിട്ട യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പരിഹസിച്ചതിനെച്ചൊല്ലി തിരുവനന്തപുരത്തെ കാണികളുമായി കോർത്ത് വിരാട് കോലി. പന്ത് ക്യാച്ച് കൈവിട്ടപ്പോൾ ‘സഞ്ജു, സഞ്ജു’ എന്ന് ആരാധകർ ആർത്തുവിളിച്ചതാണ് കോലിയെ പ്രകോപിപ്പിച്ചത്. ബൗണ്ടറിക്കരികിൽ ഫീൽഡ് ചെയ്യുകയായിരുന്ന കോലി രോഷാകുലനായി ആരാധകരോട് ‘ഇതെന്താണ്’ എന്ന മട്ടിൽ ആംഗ്യം കാട്ടി. പന്ത് കളത്തിൽ പിഴവുകൾ വരുത്തുമ്പോൾ പരിഹസിക്കരുതെന്ന് കഴിഞ്ഞ ദിവസം കോലി ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം ട്വന്റി20യിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ വിൻഡീസിന്റെ തുടക്കം കരുതലോടെയായിരുന്നു. ഇതിനിടെ ഭുവനേശ്വർ കുമാർ എറിഞ്ഞ നാലാം ഓവറിലാണ് ഇന്ത്യൻ താരങ്ങൾ രണ്ട് ക്യാച്ചുകൾ കൈവിട്ടത്. ലെൻഡ്ൽ സിമ്മൺസ് നൽകിയ അവസരം പാഴാക്കി വാഷിങ്ടണ്‍ സുന്ദറാണ് ‘കൈവിട്ട കളി’ക്ക് തുടക്കമിട്ടത്. പിന്നാലെ ഇതേ ഓവറിൽ എവിൻ ലൂയിസ് നൽകിയ അവസരം ഋഷഭ് പന്തും കൈവിട്ടു. ഇതോടെ രോഷാകുലരായ ആരാധകർ ഒന്നടങ്കം ‘സഞ്ജു, സഞ്ജു’ എന്നാർത്തുവിളിച്ചു. മൈതാനത്തിന്റെ ചില ഭാഗങ്ങളിൽനിന്ന് പതിവുള്ള ‘ധോണി, ധോണി’ വിളികളും മുഴങ്ങി. ഇതോടെയാണ് ആരാധകരെ നോക്കി ‘ഇതെന്താണ്’ എന്ന് അനിഷ്ടത്തോടെ കോലി ആംഗ്യം കാട്ടിയത്.

കളത്തിൽ ഋഷഭ് പന്തിനു പിഴവു പറ്റുമ്പോൾ ഇന്ത്യയിലെ മൈതാനങ്ങളിൽ ആരാധകർ ‘ധോണി, ധോണി’ എന്ന് ബഹളം വയ്ക്കുന്നത് പതിവാണ്. വിൻഡീസിനെതിരായ ഒന്നാം ട്വന്റി20ക്കു മുന്നോടിയായി ഇതിനെതിരെ ഇന്ത്യൻ നായകൻ ശബ്ദമുയർത്തിയിരുന്നു. ഋഷഭ് പന്ത് ഫോമിലേക്ക് തിരിച്ചെത്താൻ സാഹചര്യമൊരുക്കേണ്ടത് എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണെന്നായിരുന്നു കോലിയുടെ നിലപാട്. പന്തിനു പിഴവു പറ്റുമ്പോൾ ഗാലറിയിൽനിന്ന് ഒന്നടങ്കം ‘ധോണി, ധോണി’ എന്നാർത്തു വിളിക്കുന്നത് അവസാനിപ്പിക്കണമെന്നും കോലി അഭ്യർഥിച്ചിരുന്നു. ഇതിനിടെയാണ് തിരുവനന്തപുരത്ത് വീണ്ടും സമാനമായ സംഭവം അരങ്ങേറിയത്. പ്രിയതാരം സഞ്ജു സാംസണെ കളിപ്പിക്കാത്തതിന്റെ കലിയും ‘സഞ്ജു, സഞ്ജു’ വിളിയിലൂടെ ആരാധകർ തീർത്തു.

അതേസമയം, ആരാധകരെ തിരുത്താൻ ശ്രമിച്ച വിരാട് കോലിക്കെതിരെ ബിസിസിഐ പ്രസിഡന്റ് കൂടിയായ മുൻ നായകൻ സൗരവ് ഗാംഗുലി രംഗത്തെത്തിയിരുന്നു. കോലിയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ പന്ത് ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകട്ടെ എന്നു തീരുമാനിക്കുമായിരുന്നുവെന്നാണ് ഗാംഗുലി പ്രതികരിച്ചത്. ഒരു തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ് ധോണിയേപ്പോലുള്ള താരങ്ങളുടെ പിറവിയെന്നും ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു.

English Summary: Virat Kohli miffed with crowd for chanting Dhoni’s name after Rishabh Pant dropped a catch in the second T20I