https://janamtv.com/wp-content/uploads/2019/08/jp-nadda.jpg

ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ഫലമാണ് കര്‍ണാടക ഉപതെരഞ്ഞെടുപ്പ് വിജയം; ജെ പി നദ്ദ

by

ന്യൂഡല്‍ഹി: ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ഫലമാണ് കര്‍ണാടക ഉപതെരഞ്ഞെടുപ്പ് വിജയമെന്ന് ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ടീയത്തിനും ഭിന്നിപ്പിക്കല്‍ നയത്തിനുമേറ്റ തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ജനവിധി ബിജെപിക്ക് അനുകൂലമായതോടെ സ്വാര്‍ത്ഥതയും അഴിമതിയുമാണ് ഇല്ലാതായിരിക്കുന്നതെന്നും നദ്ദ വ്യക്തമാക്കി.

കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അനുഭാവികള്‍ക്ക് അഭിനന്ദനം അറിയിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും രംഗത്തെത്തിയിരുന്നു. കര്‍ണാടകയിലെ ജനങ്ങള്‍ ഒരിക്കല്‍ കൂടി ബിജെപിയില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും നിറവേറ്റാന്‍ മുന്‍പന്തിയില്‍ നിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ഈ അവസരത്തില്‍ പ്രത്യേകം അനുമോദിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ കാര്യകര്‍ത്താക്കളെയും പ്രത്യേകം അഭിനന്ദിക്കുന്നതായും രാജ്‌നാഥ് സിംഗ് പറഞ്ഞു.

കര്‍ണാടകയില്‍ 15 സീറ്റുകളില്‍ 12 സീറ്റുകളും നേടി അട്ടിമറി വിജയമാണ് ബിജെപി സ്വന്തമാക്കിയത്. കോണ്‍ഗ്രസ് 2 സീറ്റുകള്‍ നേടിയപ്പോള്‍ ജെഡിഎസിന് ഒരു സീറ്റു പോലും നേടാന്‍ കഴിഞ്ഞില്ല.