https://janamtv.com/wp-content/uploads/2019/12/amithsha.jpg

പൗരത്വ ബില്ല് ആരെയും ലക്ഷ്യമിടുന്നില്ല; കേന്ദ്രസര്‍ക്കാരിന് എല്ലാ പൗരന്മാരും ഒരുപോലെ; അമിത് ഷാ

by

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ല് പ്രത്യേകിച്ച് ആരെയും ലക്ഷ്യമിടുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പൗരനോടും വിവേചനം പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശ്വസിക്കുന്നു. അനീതി ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാനാത്വത്തില്‍ ഏകത്വമാണ് രാജ്യത്തിന്റെ ശക്തിയെന്നും സഹിഷ്ണുതയാണ് രാജ്യത്തിന്റെ ഗുണമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിച്ചതായി 10,000 വര്‍ഷത്തോളം പഴക്കമുള്ള രാജ്യത്തിന്റെ ചരിത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ല. സഹിഷ്ണുതയാണ് നമ്മുടെ മേന്മ. മാറ്റങ്ങള്‍ അംഗീകരിച്ച് അതിനെ സംസ്‌കാരത്തിന്റെ ഭാഗമാക്കി മുന്നോട്ട് പോകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം. മതേതരത്വത്തെ എല്ലാവരും അംഗീകരിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ ആരെയും വേര്‍തിരിവോടെ കാണുകയോ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ല് പാസാക്കുന്നതോടെ ദുരിത ജീവിതമനുഭവിക്കുന്ന അഭയാര്‍ത്ഥികള്‍ ഇന്ത്യന്‍ പാരന്മാരാകും.

ബില്ല് മുസ്ലീങ്ങളുടെ അവകാശത്തെ കവര്‍ന്നെടുത്തിട്ടില്ലെന്നും ഇന്ത്യന്‍ പൗരത്വത്തിന് നിയമ പ്രകാരം അവര്‍ക്ക് അപേക്ഷ നല്‍കാമെന്നും അമിത് ഷാ വ്യക്തമാക്കി. ബില്ലിനെ ആരും ഭയപ്പെടേണ്ടതില്ല. പൗരത്വത്തിന് അപേക്ഷ നല്‍കിയാല്‍ ഉടന്‍ പിടിച്ച് ജയിലടയ്ക്കുമെന്ന ധാരണ ചിലര്‍ക്കുണ്ട്. ഇന്ത്യന്‍ പൗരത്വം ലഭിച്ചാല്‍ ആ വ്യക്തക്കെതിരായ എല്ലാ അന്വേഷണങ്ങളും അവസാനിപ്പിക്കാന്‍ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി ബില്ല് 70 വര്‍ഷമായി ബില്ലിനു വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് നീതി ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നീ കുടിയേറ്റക്കാര്‍ക്ക് മതിയായ രേഖകളില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.