https://janamtv.com/wp-content/uploads/2018/04/dhoni.jpg

വീരസൈനികരുടെ ജീവിതം മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ തയ്യാറെടുത്ത് എം.എസ്. ധോണി ; ടിവി സീരീസ് അടുത്ത വർഷം മുതൽ

by

ന്യൂഡല്‍ഹി: ഇന്ത്യയുടെ വീരസൈനികര്‍ക്ക് ആദരമര്‍പ്പിക്കാനൊരുങ്ങി മഹേന്ദ്ര സിംഗ് ധോണി. ഇതിന്റെ ഭാഗമായി വീര സൈനിക ഉദ്യോഗസ്ഥരുടെ ജീവിത കഥ ടെലിവിഷന്‍ സീരീസായി പ്രേക്ഷകരിലേക്കെത്തിക്കാനാണ് ധോണി ലക്ഷ്യമിടുന്നത്. 2020ലാണ് ടിവി സീരിസിന്റെ റിലീസ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തിനു വേണ്ടി പോരാടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ ജീവിതമാകും പ്രധാന ആശയം. പരമവീര ചക്രയും അശോക ചക്രയും നേടിയ സൈനികരുടെ ജീവിതമാണ് പ്രേക്ഷകരിലേക്കെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തിനു വേണ്ടി സൈനികര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ജീവിത യാത്രകളും വെളിച്ചത്തു കൊണ്ടുവരാനാണ് ധോണി ലക്ഷ്യമിടുന്നത്. പരിപാടിയുടെ ചിത്രീകരണം ആരംഭിക്കുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

നിലവില്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണലാണ് ധോണി. 2011ലാണ് ധോണിക്ക് ഓണററി റാങ്ക് ലഭിച്ചത്. ഇക്കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റിനിടെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ പാരാ സ്പെഷ്യല്‍ ഫോഴ്സിന്റെ ബലിദാന്‍ മുദ്രയുള്ള കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞായിരുന്നു ധോണി ഇറങ്ങിയത്. ടെറിട്ടോറിയല്‍ ആര്‍മിയുടെ രണ്ടാഴ്ചത്തെ സൈനിക പരിശീലന കാലയളവില്‍ സ്വാതന്ത്യ്ര ദിനത്തോടനുബന്ധിച്ച് ധോണി ലഡാക്ക് സന്ദര്‍ശിക്കുകയും ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു.