കേരളാ ബാങ്കുമായി കോണ്‍ഗ്രസ് സഹകരിക്കില്ല; നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍

by
http://www.evartha.in/wp-content/uploads/2019/12/mullappally-ramachandran-1024x526.jpg

കേരളാ ബാങ്കുമായി കോണ്‍ഗ്രസ് ഒരിക്കലും സഹകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന് സര്‍ക്കാര്‍ നല്‍കുന്ന അന്ത്യകുദാശയാണ് കേരളാബാങ്ക്. കേരളാ ബാങ്കിന്റെ ഉദ്ഘാടന പരിപാടിയില്‍ നിന്നടക്കം വിട്ടുനില്‍ക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. വാണിജ്യ ബാങ്കിന് എതിരല്ല കോണ്‍ഗ്രസ് എന്നാല്‍ സഹകരണ മേഖലയെ തകര്‍ത്തിട്ടല്ല ഇത് തുടങ്ങേണ്ടത്. കേരളാ ബാങ്കിന്റെ രൂപീകരണം ഭരണഘടനാ വിരുദ്ധമാണ്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം പോലും നിയമാനുസൃതമല്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.
2013 ല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ റൈറ്റ് ടു കോ-ഓപറേഷന്‍ ആക്ട് ഭേദഗതിയുടെ ആര്‍ട്ടിക്കിള്‍ 19(1)(സി)യില്‍ സഹകരണ മേഖലയിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കൃത്യമായി നിര്‍ദേശിക്കുന്നുണ്ട്.സഹകരണ സ്ഥാപനങ്ങളുടെ സ്വയം ഭരണാവകാശം സംരക്ഷിക്കുന്നതിന് കൊണ്ടുവന്ന ഈ ഭേദഗതിക്ക് വിരുദ്ധമാണ് കേരള സര്‍ക്കാരിന്റെ നടപടി. ജില്ലാ ബാങ്കുകള്‍ പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായി എന്ത് അധികാരമാണ് ഉള്ളതെന്ന് അദേഹം വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചയാണ് ജില്ലാ സഹകരണ ബാങ്കുകളുടെ ലയനം സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി കേരളാ ബാങ്ക് പ്രഖ്യാപിച്ചത്. കൂടാതെ ബാങ്കിന്റെ താത്കാലിക ഭരണസമിതിയെയും നിശ്ചയിച്ചുകഴിഞ്ഞിരുന്നു. രൂപീകരണ നടപടികള്‍ ത്വരിതഗതിയിലാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.